HEALTH

രാജ്യത്ത് കാലുകള്‍ മുറിച്ചുമാറ്റപ്പെടുന്നതിനു മുഖ്യ കാരണം പ്രമേഹരോഗം; കേരളത്തില്‍ 67.7 ശതമാനം പേര്‍ പ്രീ ഡയബറ്റിക്

കോഴിക്കോട്: ഇന്ത്യയില്‍ ഏകദേശം 10 ലക്ഷം കാലുകള്‍ ഭാഗികമായി മുറിച്ചു മാറ്റപ്പെട്ട രോഗികള്‍ ഉണ്ടെന്നും അതില്‍ 60 ശതമാനവും പ്രമേഹരോഗികളാണെന്നും മേയ്ത്ര ഹാര്‍ട്ട് ആന്‍ഡ് വാസ്‌ക്കുലാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ ഫൂട്ട്കെയര്‍ സെന്റര്‍ തലവനും കാര്‍ഡിയോളജി വിഭാഗം ചെയര്‍മാനുമായ ഡോ. എം. ആശിഷ്‌കുമാര്‍ മണ്ഡലെ പറഞ്ഞു. പ്രമേഹത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ പിഎഡി (പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്) അസുഖം ഉണ്ടാകാനുള്ള സാധ്യത ഏറെയാണന്നെും നാലിലൊന്ന് പ്രമേഹ രോഗികള്‍ക്ക് കാലിലെ വ്രണം ഉണങ്ങാത്ത അവസ്ഥ കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിലെയും മസ്തിഷ്‌കത്തിലെയും രക്തക്കുഴലുകളൊഴികെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്കുണ്ടാവുന്നതിനെയാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്നു പറയുന്നത്. പ്രമേഹ രോഗികളിലും പുകവലിക്കുന്നവരിലും സാധാരണയായി ഈ രോഗം കാണപ്പെടുന്നു.

അപകട കാരണമായല്ലാതെ പാദം മുറിച്ചു മാറ്റുന്നതില്‍ എണ്‍പതു ശതമാനവും പ്രമേഹം കാരണമാണ്. പിഎഡി ഉളളവരില്‍ 15 ശതമാനത്തിനും രോഗം മൂര്‍ച്ഛിച്ച്, ഗാന്‍ഗ്രീന്‍ (രക്തയോട്ടം നിലച്ച് കാല്‍ നിര്‍ജ്ജീവമാകുന്ന അവസ്ഥ) ആയി പരിണമിക്കുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ ശരിയായ സമയത്തെ ചികിത്സ ആവശ്യമാണ്. പുതിയ സാങ്കേതികതയിലൂടെ, രോഗിയുടെ കൈകാലുകളും ജീവനും രക്ഷിക്കാന്‍ കഴിയുമെന്നും മേയ്ത്ര ഹോസ്പിറ്റലിലെ നൂതന ഫൂട്ട് കെയര്‍ സെന്റര്‍ നിരവധി പ്രമേഹരോഗികള്‍ക്ക് പ്രതീക്ഷ സമ്മാനിക്കുമെന്നും ഡോ. മണ്ഡലെ പറഞ്ഞു.
പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി വിട്ടുമാറാത്ത രോഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 45നും 69നും ഇടയില്‍ പ്രായമുള്ള 67.7 ശതമാനം ആളുകള്‍ പ്രമേഹത്തിനു മുമ്പുള്ള പ്രീ ഡയബറ്റിക് രോഗാവസ്ഥയിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിട്ടുമാറാത്ത പ്രമേഹരോഗാവസ്ഥയുടെ ഭാഗമായി പാദങ്ങള്‍ ഉള്‍പ്പെടുന്ന ശരീരത്തിന്റെ പെരിഫറല്‍ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. പ്രമേഹത്തിന്റെ ഗുരുതരമായ പല രോഗവസ്ഥകളാല്‍ വലയുന്ന രോഗികള്‍ക്ക് അവയവഛേദം ഒഴിവാക്കുന്ന രോഗപ്രതിവിധി ലഭിക്കുന്നതിനാല്‍ പിഎഡിയ്ക്കുള്ള നൂതന ചികിത്സാരീതികള്‍ ആഗോളതലത്തില്‍ ഏറെ പ്രാധാന്യം നേടിയിട്ടുണ്ട്.

പെരിഫറല്‍ ആര്‍ട്ടീരിയല്‍ രോഗങ്ങളെക്കുറിച്ചു പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ലഭ്യമായ ഏറ്റവും പുതിയ ചികിത്സാരീതികളെക്കുറിച്ച് അറിയിക്കുന്നതിനുമായി കാലുകളെ സ്നേഹിക്കൂ, നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കൂ എന്ന സന്ദേശവുമായി മേയ്ത്ര കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും സിഇഒ ഡോ. പി മോഹനകൃഷ്ണന്‍ പറഞ്ഞു. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകു. 5 വരെ ഫൂട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കും. അസുഖം ബാധിച്ച രോഗികള്‍ പാദം മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്കെത്തുന്നത് ഒഴിവാക്കാനായി കാലിലെ രക്തക്കുഴലിലൂടെ ചെറിയ ബലൂണ്‍ കടത്തിവിട്ട് ബ്ലോക്കുള്ള ഭാഗത്തെത്തിച്ച് ബലൂണ്‍ വികസിപ്പിക്കുമ്പോള്‍ ബ്ലോക്ക് മാറി രക്തപ്രവാഹം പുനഃസ്ഥാപിക്കപ്പെടുമെന്നതാണ് ചികിത്സയുടെ മര്‍മഭാഗം.

Related Articles

Back to top button