BREAKING NEWSKERALA

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസംകൂടി ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്ത് നാളെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
ഇതിനിടയില്‍ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ കാരണം വിചാരണ നീണ്ടു പോയി. ഇതിനിടയില്‍ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ കൂടി 2020 ഓഗസ്റ്റില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker