കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് പ്രധാന ആരോപണം. നടിയുടെ പരാതിയെ സര്‍ക്കാരും പിന്തുണച്ചിട്ടുണ്ട്.
പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹര്‍ജിയില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. ഇക്കാര്യം എന്തുകൊണ്ട് അപ്പോള്‍ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
അറിയിച്ചെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. കേസില്‍ രഹസ്യ വിചാരണയെന്ന നിര്‍ദേശം കോടതിയില്‍ അട്ടിമറിക്കപ്പെട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന തന്നെ ഇക്കാര്യം തുറന്നു പറയുമ്പോള്‍ തങ്ങളുടെ അവസ്ഥ എന്തെന്ന് ആലോചിക്കണമെന്ന് നടിയുടെ അഭിഭാഷകനും അറിയിച്ചു.