KERALALATEST

എംപി ദിനേഷിനെയും ഇന്‍കലില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കി, ഒരു വര്‍ഷത്തിനിടെ പുറത്താക്കപ്പെടുന്ന മൂന്നാമത്തെ എംഡി

തിരുവനന്തപുരം: ഇന്‍കല്‍ എംഡി എംപി ദിനേഷ് ഐപിഎസിനെ സര്‍ക്കാര്‍ പുറത്താക്കി. ഡയറക്ടര്‍ ബോര്‍ഡിന്റെ പരാതിയിലാണ് സര്‍ക്കാര്‍ നടപടി. മൂന്ന് മാസം മുമ്പായിരുന്നു ദിനേഷിനെ ഇന്‍കല്‍ എംഡിയായി സര്‍ക്കാര്‍ നിയമിച്ചത്. ഇന്നലെ രാത്രിയാണ് എഡിയെ പുറത്താക്കി ഉത്തരവിറക്കിയത്. ബിപിസിഎല്‍ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എ മോഹന്‍ലാലിന് സര്‍ക്കാര്‍ പകരം ചുമതല നല്‍കി. ഒരു വര്‍ഷത്തിനിടയില്‍ ഇന്‍കലില്‍ നിയമിതനാകുന്ന നാലാമത്തെ എംഡിയാണ് മോഹന്‍ലാല്‍.
രണ്ടായിരം കോടിയിലേറെ രൂപയുടെ വിവിധ കരാറുകള്‍ മുന്നില്‍ നില്‍ക്കെയാണ് ഇന്‍കലില്‍ അനിശ്ചിതത്വം. സര്‍ക്കാരിന് 29 ശതമാനം ഓഹരിയുള്ള കമ്പനിയില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് ചെയര്‍മാന്‍. നിര്‍ണ്ണായക ഘട്ടത്തില്‍ നാടകീയമായാണ് എംപി ദിനേശിനെ നീക്കിയത് .ഇന്നലെ രാത്രിയാണ് അറിയിപ്പ് എത്തിയത്. ഇന്ന് രാവിലെ പുതിയ എംഡി മോഹന്‍ലാല്‍ ചുമതലയേറ്റു. മൂന്നര ലക്ഷമായിരുന്നു മുന്‍ എംഡിയും കശുവണ്ടി അഴിമതി കേസിലെ പ്രതിയുമായ കെ.എ രതീഷിന് ഇന്‍കല്‍ നല്‍കിയ ശമ്പളം. ദിനേശ് ചുമതലയേറ്റതോടെ ഇന്ന് രണ്ട് ലക്ഷമായി കുറച്ചു. ഇത് തിരുത്താന്‍ എം.പി ദിനേശ് നടത്തിയ നീക്കങ്ങളെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ എതിര്‍ത്തു.
സ്വതന്ത്ര ഡയറക്ടര്‍ വിദ്യാ സംഗീത് സര്‍ക്കാരിനെ നേരിട്ട് വിയോജിപ്പ് അറിയിച്ചതോടെ വ്യവസായ മന്ത്രിയും ഇടപെട്ടു. ശമ്പള വര്‍ദ്ധനവിനുള്ള നീക്കം ഒക്ടോബര്‍ 28 ന് എം പി ദിനേശ് പിന്‍വലിച്ചെങ്കിലും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്‍കലിന്റെ മെല്ലെ പോക്കില്‍ കിഫ് ബി പരാതിപ്പെട്ടതോടെയാണ് എം.പി ദിനേശിനെ ജൂണ്‍ മാസം എംഡിയാക്കുന്നത്. നാല് മാസങ്ങള്‍ക്കിടെ വീണ്ടും എംഡിയെ മാറ്റുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡിലും ഭിന്നത ശക്തമാകുകയാണ്.

Related Articles

Back to top button