BREAKINGINTERNATIONAL

‘അവസാനത്തെ അത്താഴം’; ആകാശത്ത് വച്ച് ഡിന്നര്‍ കഴിക്കുന്ന വീഡിയോയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

കാഴ്ചക്കാരനെ ഏത് വിധേനയും ഞെട്ടിക്കാനാണ് ഇപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രമം. അതിനായി ഏത് അറ്റം വരെ പോകാനും സമൂഹ മാധ്യമ ഉപയോക്താക്കള്‍ തയ്യാറാകുന്നു. കഴിഞ്ഞ ദിവസം ഇത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ രൂക്ഷവിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. വായുവില്‍ വച്ച് ഭാര്യഭര്‍ത്താക്കന്മാര്‍ ഡിന്നര്‍ കഴിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമര്‍ശനം നേരിട്ടത്. മാറ്റ് പിന്നര്‍ എന്ന എക്‌സ് ഹാന്റലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് മാറ്റ് പിന്നര്‍ ഇങ്ങനെ കുറിച്ചു,’ ഇതു കാണുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന വാക്ക് ഏതാണ്?’ എന്നായിരുന്നു.
വീഡിയോയുടെ തുടക്കത്തില്‍ ചെങ്കുത്തായ ഒരു മലയുടെ ചരിവില്‍ നിന്നും അടുത്ത മലയിലേക്ക് വലിച്ച് കെട്ടിയ ഒരു കമ്പിയില്‍ ഘടിപ്പിച്ച ഒരു മേശയ്ക്ക് ഇരുപുറമുള്ള രണ്ട് കസേരകളിലായി ഭാര്യയും ഭര്‍ത്താവും ഇരിക്കുന്നു. നിരവധി പേരുടെ സഹായത്തോടെ കമ്പിയില്‍ പിടിച്ച് കൊണ്ട് ഇരുവരും മലയില്‍ നിന്നും മുന്നോട്ട് നീങ്ങുന്നു. ഭര്‍ത്താവ് ബാലന്‍സ് നഷ്ടപ്പെടാതിരിക്കാനും മലയില്‍ നിന്ന് ദൂരേയ്ക്ക് നീങ്ങാനുമായി കേബിളില്‍ പിടിച്ച് കൊണ്ട് ഇരിക്കുന്നു. ഈ സമയം ഭാര്യ മേശയും അതിന് മേല്‍ വച്ച ഭക്ഷണവും താഴെ പോകാതിരിക്കാനായി മേശയില്‍ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം. കേബിള്‍ കാറിന് സമാനമായ രീതിയില്‍ ഇരുവരും മുന്നോട്ട് നീങ്ങി മലയില്‍ നിന്നും അകന്ന് ഏതാണ്ട് വായുവില്‍ എത്തി നില്‍ക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. വീഡിയോയില്‍ ഉടനീളം ആരോ റഷ്യന്‍ ഭാഷയില്‍ എന്തൊക്കെയോ വിളിച്ച് പറയുന്നതും കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. ഒരു കോടി പത്ത് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായി വീഡിയോയ്ക്ക് താഴെയെത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, ‘അവസാനത്തെ അത്താഴം’ എന്നായിരുന്നു. ‘അവര്‍ വീണാല്‍ കുറഞ്ഞത് ഒരു ബെല്‍റ്റോ മറ്റോ ഇടണം. വീഡിയോയില്‍ ആണെങ്കില്‍ അവര്‍ക്ക് അത്തരമൊരു സുരക്ഷ പോലുമില്ല.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘കാശ് ഉള്ളവര്‍ക്ക് അത് ചെലവഴിക്കാന്‍ ഓരോരോ മാര്‍ഗ്ഗങ്ങള്‍.’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ‘അവര്‍ക്ക് ഡേറ്റിംഗിന് ഭൂമിയില്‍ മറ്റൊരു സ്ഥലവും കണ്ടെത്താന്‍ കഴിഞ്ഞില്ല?’ എന്നായിരുന്നു ഒരു കുറിപ്പ്.

Related Articles

Back to top button