ന്യൂഡല്‍ഹി: കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി, പോലീസ് അന്വേഷിക്കുന്ന നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ അടക്കമുള്ളര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പോലീസ്. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം വിശദീകരിച്ചത്.
കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പുനീത് എന്ന സ്ത്രീയാണ് ദിഷ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് എന്ന സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ജനുവരി 11ന് ഇവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു. ഈ മൂന്നുപേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയ്യാറാക്കുകയും ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തത്.
ദിഷാ രവിയ്ക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെട്ടു. ദിഷയെ അറസ്റ്റ് ചെയ്തതില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. ദിഷയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് അവരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മലയാളി അഭിഭാഷക നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്ത്തകന് ശന്തനു എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ നിഖിത ജേക്കബ് ഇടക്കാല ജാമ്യം തേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെബ്രുവരി 11 ന് ഒരു സംഘം തന്റെ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ എത്തിയതായി നിഖിത ജേക്കബ് ഹൈക്കോടതി അപേക്ഷയില്‍ പറയുന്നുണ്ട്. 13 മണിക്കൂറോളം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ഹാര്‍ഡ് ഡിസ്കും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തതായും പറയുന്നു. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും.
ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ദിഷ രവിയെ .അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ദിഷയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ചും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകനെ ഉറപ്പുവരുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റെബേക്കയുടെ ആരോപണം.
കര്‍ണാടകയിലെ ബെംഗളൂരുവില്‍നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. അവിടെനിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കര്‍ണാടകയില്‍നിന്ന് ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങിയില്ലെന്ന ആരോപണം റെബേക്ക ഉന്നയിക്കുന്നു. കൂടാതെ ഡല്‍ഹിയിലെ പാട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ദിഷയ്ക്ക് അഭിഭാഷകനെ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ മജിസ്ട്രേട്ട് കൈക്കൊണ്ടില്ലെന്നും റെബേക്ക പറയുന്നു.
ദിഷയെ കോടതി അഞ്ചുദിവസത്തെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.