BREAKING NEWSNATIONAL

ഗ്രേറ്റ ട്യുന്‍ബെര്‍ഗിന്റെ ടൂള്‍ കിറ്റ്: അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുപത്തിയൊന്നുകാരിയായ ദിശയെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലാണ് ബംഗളൂരുവിലെ വീട്ടില്‍നിന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡല്‍ഹി കോടതി മജിസ്‌ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.
ടൂള്‍കിറ്റിലെ രണ്ടു വരി എഡിറ്റ് ചെയ്യുക മാത്രമാണു താന്‍ ചെയ്തതെന്നും കര്‍ഷക സമരത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യമേ അതിനുണ്ടായിരുന്നുള്ളൂവെന്നും ദിശ പറഞ്ഞു. കോടതി നടപടികള്‍ക്കിടെ അവര്‍ പൊട്ടിക്കരയുകയും ചെയ്തു. നിരോധിത സംഘടനയായ ഖലിസ്ഥാന്‍ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. ഇക്കാര്യങ്ങളെപ്പറ്റി ചോദിച്ചറിയാനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.
വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി ടൂള്‍കിറ്റ് ഡോക്യുമെന്റ് തയാറാക്കാന്‍ മുന്‍കയ്യെടുത്തത് ദിശയാണെന്നും പൊലീസ് പറയുന്നു. ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഫെബ്രുവരി 3നാണ് ദിശ ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതില്‍ ഒട്ടേറെ പേരും പങ്കാളികളായിട്ടുണ്ട്. ദിശയുടെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ ശത്രുതയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഫെബ്രുവരി നാലിന് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ദിശയുടേത്. ഗ്രേറ്റയുടെ നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാനം തടയുന്നതിനു നടപടികള്‍ ആവശ്യപ്പെട്ട് നടത്തുന്ന ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ ക്യാംപെയ്‌നിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ദിശ.
‘കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍’ എന്നു വിശദീകരിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പിന്നില്‍ കാനഡ ക്രേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയാണെന്നാണ് പൊലീസ് ആരോപണം. കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വെറുപ്പ് വളര്‍ത്തുകയെന്ന വിശാല ഗൂഢാലോചനയാണ് ടൂള്‍കിറ്റിലൂടെ പുറത്തുവന്നതെന്നും പൊലീസ് അവകാശപ്പെടുന്നു. ജനുവരി 26നോ അതിനു മുന്നോടിയായോ ഹാഷ്ടാഗുകളിലൂടെ ‘ഡിജിറ്റല്‍ സ്‌ട്രൈക്ക്’ നടത്തണമെന്ന് ടൂള്‍കിറ്റിലുണ്ടെന്നാണ് പൊലീസ് വാദം. ജനുവരി 23 മുതല്‍ കര്‍ഷക സമര വിഷയത്തില്‍ തുടര്‍ ട്വീറ്റുകള്‍ വേണം. ജനുവരി 26ന് ഡിജിറ്റലില്‍നിന്നു മാറി നേരിട്ടുള്ള നീക്കം വേണം. കര്‍ഷക സമരം നിരീക്ഷിക്കാനോ അതിനോടൊപ്പം ചേരാനോ ഉള്ള ആഹ്വാനവും ടൂള്‍കിറ്റിലെ പ്രത്യേക സെക്ഷനില്‍ ചേര്‍ത്തിട്ടുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഗൂഗിളിനോടും ചില സമൂഹമാധ്യമങ്ങളോടും ഇ–മെയില്‍ വിലാസങ്ങള്‍, യുആര്‍എല്ലുകള്‍, ചില അക്കൗണ്ടുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരം പൊലീസ് തേടിയിരുന്നു. ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണെന്ന സംശയത്തിലാണ് ഇവരുടെ വിവരം തേടിയത്. കേന്ദ്രത്തിനെതിരെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി യുദ്ധത്തിനു പദ്ധതിയിട്ട ഖാലിസ്ഥാന്‍ അനുകൂലികളായ ടൂള്‍കിറ്റ് നിര്‍മാതാക്കള്‍ക്കെതിരെയെന്ന പേരിലാണ് ഡല്‍ഹി സൈബര്‍ സെല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹികവും മതപരവും സാംസ്‌കാരികപരവുമായ സംഘര്‍ഷത്തിനിടയാക്കുന്ന നീക്കമാണ് ടൂള്‍കിറ്റ് ഉപയോഗിച്ച് പ്രതികള്‍ നടത്തിയെന്നും പൊലീസ് പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ളവ ചുമത്തി ഒട്ടേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണു വിവരം. ഇവരുടെ വിവരങ്ങളാണ് പൊലീസ് ഗൂഗിളിനോടും സമൂഹമാധ്യമ കമ്പനികളോടും തേടിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker