തിരുവനന്തപുരം: കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ തങ്ങളെ നിയമിക്കരുതെന്ന ആവശ്യവുമായി സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ അസോസിയേഷന്. നിലവില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കൊവിഡ് കെയര്‍ സെന്ററുകളില്‍ തങ്ങളെ ഡ്യൂട്ടിക്കിടുന്ന പക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. നേരത്തെ ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു.
കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരാതികളും പ്രതിഷേധവും ആരോഗ്യവകുപ്പിന് തലവേദനയാവുകയാണ്. കിടപ്പുരോഗി പുഴുവരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം തുടരുന്നതിനിടെ കൊവിഡ് കെയര്‍ സെന്ററുകളില്‍ ഡ്യൂട്ടിക്കിടാനുള്ള തീരുമാനത്തിനെതിരെ പിജി ഡോക്ടര്‍മാരുടെ സംഘടന രംഗത്തു വന്നിരിക്കുന്നത്.