LATESTKERALA

കലിപൂണ്ട കാട്ടാനയില്‍ നിന്ന് തന്റെ യജമാനനെയും കുടുംബത്തെയും രക്ഷിച്ചത് ‘ജിമ്മി’

എടക്കര : കാട്ടുകൊമ്പന്റെ കാലുകളില്‍ ഞെരിയേണ്ടതായിരുന്നു ഈ കുടുംബം. വളര്‍ത്തുനായ ജിമ്മിയുടെ ജാഗ്രത ഒന്നുകൊണ്ടാണ് അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവനാണ് കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കി മുന്നറിയിപ്പു കൊടുത്തത്. കിടന്നിരുന്ന ചായ്പ് കാട്ടാന നശിപ്പിച്ചെങ്കിലും വീട്ടുകാര്‍ക്ക് രക്ഷപ്പെടാനായത് നായയുടെ ബഹളംകൊണ്ടാണ്.
ഉദിരംകുളം മങ്ങാട്ടൂര്‍ സുന്ദരന്റെ ഒന്‍പതംഗ കുടുംബമാണ് കാട്ടാനയില്‍നിന്ന് രക്ഷപ്പെട്ടത്. കരിയംമുരിയം വനത്തിന്റെ സമീപമാണ് ഇവരുടെ വീട്. വീടിനോടുചേര്‍ന്ന് അടുക്കളയായി ഉപയോഗിക്കുന്ന ചായ്പിലാണ് സുന്ദരനും ഭാര്യയും ഉറങ്ങുന്നത്. പ്ലാസ്റ്റിക്കിന്റെ മറയാണ് ചായ്പിനുള്ളത്.
വളര്‍ത്തുനായ ജിമ്മി ശബ്ദത്തില്‍ കുരയ്ക്കുന്നതും പ്ലാസ്റ്റിക് ഷീറ്റില്‍ മാന്തി ശബ്ദം ഉണ്ടാക്കുന്നതും കേട്ടാണ് സുന്ദരനും ഭാര്യ സീതയും ഉണര്‍ന്നത്. പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് മുറ്റത്ത് നില്‍ക്കുന്ന കൊമ്പനെ. അലറിവിളിച്ച ആന തുമ്പിക്കൈ നീട്ടി ചായ്പിന്റെ അകത്തേക്കു കയറാന്‍ ശ്രമിച്ചു. ഒരുനിമിഷം കൊണ്ട് സുന്ദരനും ഭാര്യയും മക്കള്‍ കിടക്കുന്ന മുറിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയില്‍ മേല്‍ക്കൂരതകര്‍ത്ത ആന ചായ്പിനുള്ളിലേക്ക് കയറാന്‍ വീണ്ടം ശ്രമിച്ചു. വീട്ടുകാരുടെ കൂട്ടനിലവിളി ശബ്ദത്തില്‍ അമ്പരന്ന് ആന പിന്തിരിഞ്ഞു. പത്തുമിനിറ്റോളം വീടിനുചുറ്റും വലംവെച്ച് ചെമ്പന്‍കൊല്ലി റോഡ് വഴി കാട്ടിലേക്ക് കയറി. കാടതിര്‍ത്തിവരെ ആനയെ പിന്തുടര്‍ന്ന് ഓടിച്ചശേഷമാണ് ജിമ്മി തിരിച്ചുവന്നത്. ആദ്യമായാണ് ആന ഇവരുടെ വീടിനു സമീപമെത്തുന്നത്.

Related Articles

Back to top button