മലപ്പുറം: കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരനാണ് (65)മരിച്ചത്. ഭാരതപ്പുഴയോരത്ത് ചൊവ്വാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു.
സമീപത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കളാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ ശങ്കരനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ശങ്കരന് മരിച്ചു.
ഭാരതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
ഭാര്യ ലക്ഷ്മിക്കുട്ടി, മക്കള്‍: സിദ്ധു, വിനോദിനി, പ്രീത, മണി.