KERALALATEST

ഡിഎംഒയുടെ പരാമര്‍ശനത്തിനെതിരേ ജൂണിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം; പെണ്‍കുട്ടികള്‍ക്കെന്താ ശമ്പളം വേണ്ടേ സാറേ?’

കൊച്ചി: ശമ്പളം കിട്ടിയില്ലെന്ന് പരാതി പറയാനെത്തിയ വനിതാഹൗസ് സര്‍ജന്‍മാരെ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധിക്ഷേപിച്ചതായി ആരോപണം. പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം എന്ന് ചോദിച്ചു അപമാനിച്ചെന്നും ആരോപണം ഉണ്ട്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചു ഡിഎംഒ ഡോക്ടര്‍ എന്‍ കെ കുട്ടപ്പന്‍ രംഗത്തെത്തി.
”സ്ത്രീകളായ ഹൗസ് സര്‍ജന്‍മാര് അങ്ങേരുടെ അടുത്ത് പോയി ശമ്പളം കിട്ടിയിട്ടില്ല എന്ന് പറഞ്ഞപ്പോഴത്തേയ്ക്ക്, പെണ്‍കുട്ടികള്‍ക്ക് എന്തിനാ ശമ്പളം എന്ന് ചോദിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. പെണ്‍കുട്ടികള്‍ക്ക് എന്തിനാ ശമ്പളം എന്നറിയാത്ത ഒരുത്തനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെങ്കില്‍ അവിടെ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. അദ്ദേഹം ആ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞേ പറ്റത്തുള്ളൂ”, കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മുന്‍ ഹൗസ് സര്‍ജനായ ഡോ. വീണ ജെ എസ്സാണ് സ്വന്തം സുഹൃത്തുക്കള്‍ക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.
ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പനെതിരെ രൂക്ഷമായ വിമര്‍ശനവും ഡോ. വീണ ജെ എസ് ഉന്നയിച്ചു. കൊവിഡ് ഡ്യൂട്ടി സംബന്ധിച്ച പ്രശ്‌നങ്ങളും ശമ്പളം കിട്ടാത്തതും ഉന്നയിച്ചാണ് രണ്ട് ഹൗസ് സര്‍ജന്‍മാരടക്കം മൂന്ന് പേര്‍ എറണാകുളം ഡിഎംഒയെ കാണാന്‍ പോയത്. എന്നാല്‍ ഈ ആവശ്യം പുച്ഛിച്ച് തള്ളിയ ഡിഎംഒ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് ഡോ. വീണ ജെ എസ് പറയുന്നത്.
തൊഴിലിടത്തില്‍ മുമ്പും ഇത്തരം മോശമായതും വിവേചനപരവുമായ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്ന് മറ്റ് വനിതാഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. ”പലപ്പോഴും പരാതി പറയുന്നവര്‍ ഇരയാക്കപ്പെടുന്ന സ്ഥിതിയാണ് ഈ മെഡിക്കല്‍ രംഗത്തുള്ളത്. ഇതിനൊരു മാറ്റം വന്നേ തീരൂ. ഒരു വനിത ആരോഗ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നല്ല തരത്തിലുള്ള ഇടപെടല്‍ ഇതിലുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ”, എന്ന് അവര്‍ പറയുന്നത്.
അധിക്ഷേപത്തിനിരയായവര്‍ക്ക് പിന്തുണയുമായി ഫേസ്ബുക്കില്‍ ഡോ. മനോജ് വെള്ളനാട് അടക്കമുള്ളവര്‍ പോസ്റ്റുകളിട്ടത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ തല്‍ക്കാലം പരസ്യപ്രതികരണത്തിനില്ല എന്നാണ് അധിക്ഷേപത്തിന് ഇരയായ വനിതാ ഹൗസ് സര്‍ജന്‍മാരുടെ തീരുമാനം.
അതേസമയം, ഇങ്ങനെ ഒരു പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് എറണാകുളം ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പന്‍ പറയുന്നത്. ശമ്പളമടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ വനിതാ ഡോക്ടര്‍മാര്‍ വന്നിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു.

Tags

Related Articles

Back to top button
Close