തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം ഡോ ആശ കിഷോര്‍ താത്കാലികമായി ഒഴിഞ്ഞു. മെഡിക്കല്‍ സൂപ്രണ്ട് ഡോ സഞ്ജീവ് തോമസിനാണ് പകരം ചുമതല. ഡോ ആശ കിഷോറിന് ഡയറക്ടര്‍ സ്ഥാനത്തെ കാലാവധി നീട്ടികൊടുത്തുള്ള ഉത്തരവ് കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.
ശ്രീചിത്ര ഡയറക്ടര്‍ സ്ഥാനത്ത് ഡോ ആശ കിഷോറിന്റെ കലാവധി കഴിഞ്ഞ മാസം 14 വരെയായിരുന്നു. ആശ കിഷോര്‍ വിരമിക്കുന്ന 2025 വരെ കാലാവധി നീട്ടി നല്കി ശ്രിചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞു. ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കാലാവധി നീട്ടിയുള്ള തീരുമാനം സിഎടി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. ഇതോടെയാണ് ആശ കിഷോര്‍ അവധിയില്‍ പോയത്. സീനിയര്‍ പ്രൊഫസര്‍ തസ്തികയിലാണ് ഇവര്‍ ഇപ്പോള്‍. ശ്രീചിത്രയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡയറക്ടറുടെ കാലവധി നീട്ടിയതെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണം.
സിഎടി ഉത്തരവിനെതിരെ ശ്രീചിത്ര ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. അതേസമയം, തന്നെ ബിജെപിയും ആര്‍എസ്എസുമായി ബന്ധപ്പെട്ട ചിലര്‍ ഉന്നം വയ്ക്കുകയാണന്ന് ആരോപിച്ച് ആശ കിഷോര്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് എഴുതിയ കത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നു. പുറത്തുനിന്നുള്ള ചിലര്‍ ഭരണകാര്യങ്ങള്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും തന്നെയും സ്ഥാപനത്തെയും മോശമായി ചിത്രീകരിക്കുന്നതായുമാണ് ജൂണ്‍ 21ന് എഴുതിയ കത്തില്‍ പറയുന്നത്.
ആശ കിഷോര്‍ നടത്തിയ നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് മുന്‍ ഡിജിപിയും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി അംഗവുമായ സെന്‍കുമാര്‍ നല്കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. ചില നിയമനങ്ങളില്‍ സംവരണ തത്വം പാലിച്ചില്ലെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍ എന്നാല്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നില്ല.