KERALALATEST

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് വൈദികരാകാം :മാര്‍ത്തോമാ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും അനുകൂലമായി നിലപാട് വ്യക്തമാക്കി മാര്‍ത്തോമാ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്. ട്രാന്‍സ്‌ജെന്‍ഡര് വിഭാഗക്കാര്‍ക്ക് വൈദികരാകാമെന്നും ഇതിനായി ട്രാന്‍സ് വ്യക്തികള്‍ മുന്നോട്ടു വന്നാല്‍ എതിര്‍ക്കില്ലെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വനിതകള്‍ ബിഷപ്പാകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇതിന് വിശ്വാസികളുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞ ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, സംവരണക്രമം മാറണമെന്നും കഴിവും അവസരങ്ങളും കിട്ടിയവര്‍ മാറി കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ധനസമ്പാദനത്തിനുള്ള കേന്ദ്രങ്ങളാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ആഴ്ചകള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബങ്ങളിലായിരിക്കാന്‍ അവകാശമുണ്ടെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ തള്ളി കെസിബിസിയടക്കം രംഗത്തു വന്നിരുന്നു. എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹം ചെയ്യാന്‍ സഭ അനുവദിക്കുമെന്നല്ല മാര്‍പാപ്പ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി വത്തിക്കാന്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിയുക്ത മെത്രാപ്പോലീത്തയുടെ പ്രസ്താവന.
മലങ്കര പള്ളിത്തര്‍ക്ക വിഷയത്തില്‍ യാക്കോബായ വിഭാഗം കോടതി വിധി മാനിക്കണമെന്ന് നിയുക്ത മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. പുതിയ പള്ളികള്‍ സ്ഥാപിച്ച് യാക്കോബായ സഭ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button