ന്യൂഡല്‍ഹി: ഡോ.കഫീല്‍ ഖാന്റെ മോചനത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത യുപി സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
ദേശസുരക്ഷനിയമ പ്രകാരം തടവിലാക്കപ്പെട്ട കഫീല്‍ ഖാനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിച്ചത്. ഖാന്റെ അമ്മയായ നുസ്ഹത് പര്‍വീണിന്റെ ഹര്‍ജി പരിഗണിച്ച കോടതി, കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തിര മോചനത്തിന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് ചോദ്യം ചെയ്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിലേര്‍പ്പെട്ട ചരിത്രമാണ് കഫീല്‍ ഖാന് ഉള്ളതെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതേകാരണം കൊണ്ടാണ് അച്ചടക്ക നടപടിയിലേക്ക് കടന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.
‘ഹൈക്കോടതിയുടെ ഒരു നല്ല ഉത്തരവായാണ് ഇതിനെ കാണുന്നത്. ഇതില്‍ ഇടപെടാന്‍ ഒരു കാരണവും ഞങ്ങള്‍ കാണുന്നില്ല. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ ക്രിമിനല്‍ കേസുകളിലെ വിചാരണകളെ ബാധിക്കില്ലെന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വര്‍ഷം അലിഗഡ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
സാമൂഹിക നിലയെ അസ്വസ്ഥമാക്കുകയും അലിഗഡിലെ പൗരന്മാരില് ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു എന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ ദേശസുരക്ഷാനിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തത്
എന്നാല്‍ യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കഫീല്‍ ഖാന്റെ പ്രസംഗത്തില്‍ വിദ്വേഷമോ സംഘര്‍ഷമോ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.