കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജൂനിയര്‍ റെസിഡന്റ് ഡോ. നജ്മ സലീമിനെതിരെ സൈബര്‍ ആക്രമണം. തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നു എന്നും ആക്രമണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ച് കളമശേരി പോലീസ് സ്റ്റേഷനില്‍ ഡോക്ടര്‍ പരാതി നല്കി.
സി.പി.എം അനുകൂല സംഘടനകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് പ്രചാരണങ്ങളെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശാഭിമാനി പത്രത്തെയും പരാതിയില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. താന്‍ കെ.എസ്.യുക്കാരിയാണെന്ന് ദേശാഭിമാനിയും സി.ഐ.ടി.യു കളമശ്ശേരി, ഗവണ്മെന്റ് നഴ്സസ് എന്നീ കൂട്ടായ്മകളും പ്രചാരണം നടത്തുന്നെന്നും ഡോ. നജ്മ ചൂണ്ടിക്കാണിക്കുന്നു.
‘നിയമസംവിധാനത്തില്‍ വിശ്വാസമുള്ളതിനാലാണ് തികച്ചും വസ്തുതാവിരുദ്ധമായ വാര്‍ത്തയ്ക്കെതിരേ പരാതി നല്‍കുന്നത്. എന്നെ മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങള്‍ മാനസികമായി തളര്‍ത്തുന്നു. ഈ പ്രചാരണങ്ങള്‍ മൂലം ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമോ എന്ന് ഭയവുമുണ്ട്’ ഡോക്ടര്‍ പരാതിയില്‍ പറയുന്നു.