BREAKING NEWSKERALALATEST

മഹേഷ് എവിടെ? സോനയോട് അവന്‍ എന്തിന് ഇത് ചെയ്തു

തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനായി പോലീസ് തിരച്ചില്‍ തുടരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പോലീസിന് മഹേഷിനെ പിടികൂടാനിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നുമായിരുന്നു ഒല്ലൂര്‍ പോലീസിന്റെ പ്രതികരണം.
ഒരാഴ്ച മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടര്‍ സോനയെ സുഹൃത്തായ മഹേഷ് കുത്തി പരിക്കേല്‍പ്പിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സോന മഹേഷിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സോന ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്.
ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷുമായി പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരില്‍ ക്ലിനിക്ക് ആരംഭിച്ചപ്പോള്‍ സ്ഥാപനത്തിലെ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളും മഹേഷിനെ ഏല്‍പ്പിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്‌ളാറ്റില്‍ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയില്‍നിന്ന് പലതവണയായി ലക്ഷങ്ങള്‍ കൈക്കലാക്കിയത്. തുടക്കത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് സോന പോലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാര്‍ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

Related Articles

Back to top button