BREAKING NEWSKERALA

സോനയോട് ‘പ്രതികാരം’ ചെയ്ത മഹേഷ് പിടിയില്‍

തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ വനിത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പിടികൂടി. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോനയെ കുത്തിക്കൊന്ന കേസില്‍ സുഹൃത്ത് മഹേഷിനെയാണ് ചൊവ്വാഴ്ച രാവിലെ തൃശൂര്‍ പൂങ്കുന്നത്ത് നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് സോനയ്ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷിനെ ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് പിടികൂടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി സോന കുട്ടനെല്ലൂരില്‍ ദന്താശുപത്രി നടത്തിവരികയാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സോനയും ബന്ധുക്കളും നേരത്തെ പാവറട്ടി സ്വദേശിയായ മഹേഷിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരില്‍ ക്ലിനിക്ക് ആരംഭിച്ചപ്പോള്‍ സ്ഥാപനത്തിലെ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളും മഹേഷിനെ ഏല്‍പ്പിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫഌറ്റില്‍ മഹേഷിനൊപ്പം താമസവും തുടങ്ങി.
ഇതിനുപിന്നാലെയാണ് മഹേഷ് സോനയില്‍നിന്ന് പലതവണയായി ലക്ഷങ്ങള്‍ കൈക്കലാക്കിയത്. തുടക്കത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് സോന പോലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാര്‍ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker