BREAKING NEWSBUSINESSBUSINESS NEWSKERALA

കുപ്പിവെള്ളത്തിന് വില കൂട്ടി വിറ്റവര്‍ക്ക് 22 ലക്ഷം രൂപ പിഴ

കോട്ടയം: കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടും വില കൂട്ടി വില്‍ക്കുന്നവരില്‍ നിന്നും മൂന്നു മാസത്തിനിടെ 22,92,500 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ചിട്ടും 20 രൂപ ഈടാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഇക്കൊല്ലം മാര്‍ച്ച് 17 ന് പുറപ്പെടുവിച്ച 5/2020 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിലാണ് കുപ്പി വെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ചത്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ ഒന്നു വരെ കുടിവെള്ളം വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ 394 പരാതികള്‍ ലഭിച്ചു. 544 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നിന്ന് 22, 92, 500 രൂപ പിഴ ലഭിച്ചതായി കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വില കൂട്ടി വില്‍ക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടാല്‍ 18004254835 എന്ന ടോള്‍ ഫ്രീ നമ്പറിലോ സുതാര്യം എന്ന മൊബൈല്‍ ആപ്പിലോ ഹാറ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലോ പരാതി നല്‍കാം.
നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ മറ്റ് നടപടികള്‍ ആവശ്യമില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. തിരുവാര്‍പ്പ് സ്വദേശി മിഥുന്‍ കെ യേശുദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Related Articles

Back to top button