MALAYALAMENTERTAINMENT

ജോര്‍ജുകുട്ടി ആ കൊലക്കേസില്‍ കുടുങ്ങിയോ, രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം പുറത്തായി

പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകില്‍ രണ്ടാം തരക്കാരനായി തല കുനിച്ചു നില്‍ക്കാന്‍ മാത്രമായിരുന്നു അത്തരത്തില്‍ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. പലപ്പോഴും നിരാശയോ ചിലപ്പോഴൊക്കെ വെറുപ്പോ ഒക്കെയാണ് തീയറ്ററുകളെ ജനസാഗരമാക്കിയ തകര്‍പ്പന്‍ വിജയങ്ങളുടെ മിക്ക രണ്ടാം ഭാഗങ്ങളും ആദ്യ ഭാഗത്തിന്റെ കടുത്ത ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രേക്ഷകര്‍ ആദ്യ ഭാഗവുമായി നടത്തുന്ന അനിവാര്യമായ താരതമ്യമാണ് ഇതിന് പ്രധാന കാരണം. ആദ്യ ഭാഗത്തിലെ പരിചിതമായ കഥാപാത്രങ്ങളിലൂടെ ഓരോ കാണിയും തന്റേതായ ഭാവന ലോകമുണ്ടാക്കിയിരിക്കുന്ന അവസ്ഥയിലാണ് രണ്ടാം ഭാഗം എത്തുക. അത് മിക്കവാറും നിരാശയിലാകും അവസാനിക്കുക. എന്നാല്‍ ഇതിന് ഒരു അപവാദമാവുകയാണ് ഏഴുവര്‍ഷം മുമ്പ് വലിയ പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്നു ആദ്യ പ്രദര്‍ശനത്തിനു ശേഷം കാണികളെ ഞെട്ടിച്ച് ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും അധികം താമസിയാതെ പടര്‍ന്ന ദൃശ്യത്തിന്റെ തുടര്‍ച്ചയായ ദൃശ്യം 2.
അന്നത്തെ ഇടത്തരക്കാരനായ ഇടുക്കി രാജാക്കാട് സ്വദേശി .ജോര്‍ജുകൂട്ടി (മോഹന്‍ലാല്‍ )യും കുടുംബവും അവരുടെ ഭൗതിക അവസ്ഥകളില്‍ വളരെ മുന്നോട്ട് പോയി നില്‍ക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കാണാതായ വരുണ്‍ പ്രഭാകര്‍ എന്ന ചെറുപ്പക്കാരന്റെ മൃതദേഹം തേടിയാണ് ഇതിലെ അന്വേഷണം. വരുണിന്റെ ‘അമ്മയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഗീത പ്രഭാകര്‍(ആശാ ശരത് )ക്കു വേണ്ടി ബാച്ച് മേറ്റ് ബാസ്റ്റിന്‍ തോമസ് (മുരളി ഗോപി ) എന്ന ഐജി നടത്തുന്ന വ്യക്തിപരമായ അന്വേഷണമാണ് കഥയെ നിയന്ത്രിക്കുന്നത്.
രാജാക്കാട് പോലീസ് സ്റ്റേഷനുള്ളില്‍ മറവു ചെയ്ത വരുണിന്റെ മൃതദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുന്നതാണ് നിര്‍ണായക മുഹൂര്‍ത്തം. എന്നാല്‍ താന്‍ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ജോര്‍ജുകൂട്ടി അതിനെ നേരിടുന്ന രീതിയാണ് രണ്ടാം ഭാഗത്തെ പ്രേക്ഷകന് ആദ്യ ഭാഗത്തിനേക്കാള്‍ മിഴിവുള്ളതാക്കുന്നത്.
ഒരു ദുരന്തത്തില്‍ നിന്നും തന്റെ കുടുംബത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു സാധാരണക്കാരന്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഏക മകന്‍ എവിടെ എന്ന് അന്വേഷിക്കുന്ന ഏറെ സ്വാധീന ശക്തിയുള്ള മറ്റൊരു കുടുംബം. ഒരുതരത്തില്‍ ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രം. എന്നാല്‍ ബുദ്ധിമാനായ ഒരു ക്രിമിനല്‍ തന്റെ രക്ഷയ്ക്കായി ഏത് അറ്റം വരെയും പോകുമെന്നതിന്റെ തെളിവായി വെക്കാവുന്നതാണ് ഇതിലെ ആഖ്യാനം. അതിന് ഉതകുന്ന തരത്തില്‍ കഥാപാത്രങ്ങളെയും കഥ നടക്കുന്ന ഭൂമികയെയും കൃത്യമായി കലര്‍ത്തിയതാണ് ചിത്രത്തിന്റെ വിജയം. കഥ നടക്കുന്ന ഇടുക്കി എന്ന ജില്ലയുടെ പ്രത്യേകത മുതല്‍ മുതല്‍ സ്വന്തം കഥയുടെ പകര്‍പ്പവകാശത്തിന് വേണ്ടി പുസ്തകം ഇറക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. ദൃശ്യം ആദ്യ ഭാഗത്തിന്റെ കഥയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇത്തരത്തില്‍ ഉണ്ടായ കേസ് വരെ ഇതില്‍ സമര്‍ത്ഥമായി ഇഴുകി ചേര്‍ന്നിട്ടുണ്ട്.
പതിഞ്ഞ താളത്തില്‍ പോകുന്ന നായകന് ഒപ്പമാണ് ജയിക്കാനായി ഇറങ്ങിയ പ്രതിനായകനായ ഐജി. കഥയ്ക്ക് പിരിമുറുക്കം നല്‍കുന്നതില്‍ ഏറെ സഹായിക്കുന്ന പാത്ര സൃഷ്ടിയും അവതരണവും. സങ്കീര്‍ണമായ ഈ കഥാപാത്രത്തെ അനായാസമായ ശരീര ഭാഷയിലൂടെയിലൂടെയാണ് മുരളിഗോപി പകരുന്നത്. ഒരു സീനില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ പോലും കഥാഗതിയില്‍ നിര്‍ണായകമാകുന്ന തരത്തില്‍ കെട്ടുറപ്പുള്ള തിരക്കഥയാണ് സംവിധായകന്‍ ജിത്തു ജോസഫിന്റെത്.
ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം ഒരു കുറ്റാന്വേഷണ സിനിമയുടെ സസ്‌പെന്‍സ് അല്ലെങ്കില്‍ ക്ലൈമാക്‌സ് എത്ര നേരം സൂക്ഷിച്ചു വെക്കാം എന്നുള്ളത് അതിന്റെ സൃഷ്ടാക്കള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ആദ്യ ഭാഗത്തിന്റെ വന്‍ വിജയം നല്‍കുന്ന പ്രതീക്ഷകളുടെ അമിതഭാരം ഉള്ള അവസരത്തില്‍.എന്നാല്‍ സസ്‌പെന്‍സ് പരസ്യമായാലും അതിലേക്ക് പിടിച്ചിരുത്തുന്നതിലെ ശക്തിയാണ് സിനിമയുടെ വിജയം .
അത് കൊണ്ട് തന്നെ ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുക എന്നത് വാണിജ്യപരമായി സുരക്ഷിതമായ ഒരു സാധ്യതയാണ്.എന്നാല്‍ ദൃശ്യം 2 തീയറ്ററില്‍ എത്താതെ പോകുമ്പോള്‍ അത്തരം ഒരു സങ്കേതം ഇത്തരം ഒരു ചിത്രത്തിന് നല്‍കുന്ന ദൃശ്യാനുഭവമാണ് നഷ്ടമാകുന്നത്. അത് ഇപ്പോഴത്തെ അവസ്ഥയില്‍ കുറച്ചു ബുദ്ധിമുട്ടുള്ളതാണ് എങ്കിലും അത്ര ചെറിയ ഒന്നല്ല. കാരണം നമ്മുടെസ്വന്തം ചെറിയ സ്‌ക്രീനില്‍ കണ്ട നിങ്ങളെ ഈ കഥാപാത്രങ്ങള്‍ ഏറെ നേരം പിന്തുടരാതിരിക്കില്ല. അത് കൊണ്ടുതന്നെ വെറുതെ അങ്ങ് വന്നുപോകാനുള്ളതല്ല ദൃശ്യം 2.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker