ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ പിടിയിലായത് ഇരുപതോളം പേര്. ഇവരില്‍ നിന്നായി 25 കിലോ കഞ്ചാവടക്കം വിവിധ മയക്കുമരുന്നുകളും പിടികൂടി. ലഹരി മരുന്നുകള്‍ കണ്ടെത്താനായി വിദഗ്ദ്ധരായ സ്നിഫര്‍ നായകളെ ഉപയോഗിച്ചുള്ള വ്യാപക പരിശോധന തുടരുകയാണ്.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 27 പേര് ഇന്നലെ അറസ്റ്റിലായിട്ടുണ്ടെന്ന് ബെംഗളൂരു കമീഷണര്‍ അറിയിച്ചു. അതേസമയം ബെംഗളൂരു മയക്കു മരുന്ന് കേസില്‍ ഇന്ദ്രജിത് ലങ്കേഷ് വീണ്ടും ബെംഗളൂരു ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഹാജരായി.
ലഹരിമാഫിയാ സിനിമാ ബന്ധങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനായാണ് ഇന്ദ്രജിത്ത് ലങ്കേഷ് ക്രൈംബ്രാഞ്ചിന് മുന്‍പാകെ എത്തിയത്. കഴിഞ്ഞ ദിവസവും ഇന്ദ്രജിത്ത് ലങ്കേഷില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ സഹോദരനും സിനിമാ നിര്‍മാതാവുമാണ് ഇന്ദ്രജിത് ലങ്കേഷ്.