WORLDGULF

സഹപ്രവര്‍ത്തകയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശുചിമുറിയില്‍ ക്യാമറ വെച്ചു; ദുബായില്‍ യുവാവിന് തടവുശിക്ഷ

ദുബായ്: ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ നഗ്‌നദൃശ്യം ചിത്രീകരിക്കാന്‍ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ച യുവാവിന് ദുബായില്‍ ആറു മാസം തടവുശിക്ഷ. 33കാരനെതിരായ ലൈംഗിക പീഡന പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയതോടെയാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ കൂടാതെ നാടുകത്താനും ഉത്തരവില്‍ പറയുന്നു.
നെയ്ഫ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാര്‍ച്ച് എട്ടിനാണ് സംഭവം. വൈകുന്നേരം ഏഴു മണിയോടെ ശുചിമുറിയില്‍ പോയപ്പോഴാണ് ക്യാമറ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. മോപ്പിനിടയില്‍ സ്ഥാപിച്ചിരിക്കുന്നത് ക്യാമറയാണെന്ന് പിന്നീടാണ് യുവതിക്കു മനസിലായത്. ഇതോടെ 27കാരിയായ ഫിലിപ്പീന്‍ സ്വദേശിനിയായ യുവതി നെയ്ഫ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരിയുടെ സഹപ്രവര്‍ത്തകന്‍ പിടിയിലായത്.
‘ആദ്യം കണ്ടപ്പോള്‍ ക്യാമറയാണെന്ന് മനസിലായില്ല. ശുചിമുറിയിലെ മോപ്പിന് ഇടയിലാണ് അത് സ്ഥാപിച്ചിരുന്നത്. മോപ്പ് എടുക്കുമ്പോള്‍ ഇത് താഴെ വീഴുകയായിരുന്നു. അതു പരിശോധിച്ചപ്പോഴാണ് അതില്‍നിന്ന് ഒരു മെമ്മറി കാര്‍ഡ് ലഭിച്ചത്. ഇത് ഒപ്പമുള്ള മറ്റൊരു സഹപ്രവര്‍ത്തകയെ കാണിച്ചപ്പോഴാണ് ക്യാമറയാണെന്ന് വ്യക്തമായത്’ പരാതിക്കാരി പറഞ്ഞു.
ആ ദിവസം ശുചിമുറിയുടെ ഭാഗത്തേക്കു പോയ ആളെ സിസിടിവി ക്യാമറയുടെ സഹായത്തോടെ കണ്ടെത്തി. അടുത്ത ദിവസംതന്നെ നെയ്ഫ് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കുകയായിരുന്നു. പിന്നീട് അന്വേഷണസംഘം മെമ്മറി കാര്‍ഡ് പരിശോധിച്ചു. അതില്‍നിന്ന് 17 ഫുട്ടേജുകള്‍ കണ്ടെത്തി. എല്ലാം വനിതാ ജീവനക്കാര്‍ ശുചിമുറി ഉപയോഗിക്കുന്ന ചിത്രങ്ങളായിരുന്നു.
പോലീസ് ചോദ്യം ചെയ്യലിലും പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിലും പ്രതി കുറ്റം സമ്മതിച്ചു. ഇതോടെയാണ് വിശദമായ വാദത്തിനൊടുവില്‍ പ്രതിക്ക് ആറുമാസത്തെ തടവുശിക്ഷ നല്‍കിയത്. ഈ വിധിന്യായത്തില്‍ 15 ദിവസത്തിനുള്ളില്‍ പ്രതിക്ക് അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button