KERALAIDUKKILATEST

ഇടുക്കിയില്‍ പുരാവസ്തു മോഷണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ഇടുക്കി: ഉപ്പുകുന്നില്‍ പുരാവസ്തു മോഷണത്തിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. നടരാജ വിഗ്രഹം, പഴയ റേഡിയോ, ടെലിവിഷനുകള്‍ എന്നിവ കവര്‍ന്നതിനാണ് അറസ്റ്റ്. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉപ്പുകുന്ന് സ്വദേശി ജോണ്‍സന്റെ വീട്ടില്‍ നിന്നാണ് സംഘം പുരാവസ്തുക്കള്‍ കവര്‍ന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ജോണ്‍സന്റെ വീട്ടില്‍ വലിയ പുരാവസ്തു ശേഖരമുണ്ട്. ഇതില്‍ നല്ലൊരു ഭാഗവും പറമ്പിന്റെ ഒരറ്റത്തുള്ള പഴയ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ ഭാഗത്ത് ആള്‍ താമസമില്ല. ഇവിടെ നിന്നാണ് കഴിഞ്ഞ 19ന് പുരാവസ്തുക്കള്‍ മോഷണം പോയത്. നഷ്ടപ്പെട്ട സാധനങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലവരും.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇടുക്കി കരിമണ്ണൂര്‍ സ്വദേശികളായ വിഷ്ണു ബാബു, പ്രശാന്ത്, രാഖേഷ്, സനീഷ്, സുധി എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ വിഷ്ണു സിപിഎം ഇടുക്കി പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐയുടെ ജില്ല വൈസ് പ്രസിഡന്റുമാണ്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വിഷ്ണുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി അറിയിച്ചു. കവര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന മോഷണ സംഘങ്ങളുടെ ഇടപെടലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button