KERALALATEST

ഡിവൈഎഫ്‌ഐ ഇപ്പോള്‍ ഇഞ്ചി നടുന്ന തിരക്കിലാണ്, കെ.എം ഷാജിയെ രാജിവയ്പ്പിക്കാന്‍

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ കെ. എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി കോഴിക്കോട് ഡി വൈ എഫ് ഐ. കെ. എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഇഞ്ചി നടല്‍ സമരം നടന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പ്രതിഷേധ സമരം ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.
അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെ എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടല്‍ സമരം നടന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആര്‍. ഷാജി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു,
അതേസമയം, കെ എം ഷാജിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഷാജിയുടെ കാര്യം സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പല ഏജന്‍സികളും അന്വേഷിക്കുന്നുണ്ടെന്നും അതെല്ലാം വാര്‍ത്തയില്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി പരാതികളില്‍ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരാകാന്‍ താന്‍ തയ്യാറാണെന്ന് കഴിഞ്ഞദിവസം കെ എം ഷാജി വ്യക്തമാക്കിയിരുന്നു. നവംബര്‍ പത്തിന് താന്‍ ഇ ഡിക്ക് മുമ്പില്‍ ഹാജരാകുമെന്നും പത്താം തിയതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കഴിഞ്ഞദിവസം കെ.എം ഷാജി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസം കെ.എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ,

‘ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ഋഉ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം!!
അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം!!
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിര്‍ബന്ധവുമുണ്ട്!!’

അഴീക്കോട് ഹൈസ്‌ക്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സും ഷാജിക്കെതിരെ കേസെടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്

Related Articles

Back to top button