തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. ആറ് പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീവും അന്‍സാറുമാണ് ഒന്നും രണ്ടും പ്രതികള്‍. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിയത് സജീവും സനലുമെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കി.
തിരുവോണത്തലേന്ന് അര്‍ധരാത്രിയില്‍ തിരുവനന്തപുരം തേമ്പാംമൂട് വച്ചാണ് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹക്ക് മുഹമ്മദ് , മിഥിലാജ് എന്നിവരാണ് നടുറോഡില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൊലപാതകം ആസൂത്രിതമെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആറുപേര്‍ പിടിയിലായി.
സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് അംഗം ഹക്ക് മുഹമ്മദും (26) ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജുമാണ് (31) ക്രൂരമായി കൊല്ലപ്പെട്ടത്. ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും അക്രമിസംഘം കൈയടിച്ച് വിളിച്ചു. ആരെന്ന് നോക്കാന്‍ തിരികെ വന്ന യുവാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇടത്തെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മിഥിലാജിന്റെ ജീവന് റോഡില്‍ തന്നെ പൊലിഞ്ഞു. ദേഹമാകെ ആഴത്തില്‍ മുറിവേറ്റ ഹക്ക് മരിച്ചത് വെഞ്ഞാറാമൂട്ടിലെ സ്വകാര്യാശുപത്രിയിലും. കരുതിക്കൂട്ടിയുള്ള ആക്രമമണാണ് നടന്നെതന്നും ഉന്നതലത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ഹക്കിനെയാണ് ആക്രമികള്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. കൊലപാതകത്തിന് പദ്ധതിയിട്ടവര്‍ സമീപത്തെ ഒരു സിസിടിവി തിരിച്ചുവച്ചിരുന്നെങ്കിലും മറ്റൊരു സിസിടിവിയില്‍ അരുംകൊലയുടെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ആക്രമികളില്‍ നിന്ന രക്ഷപെട്ട എസ്എഫ്ഐ പ്രവര്ത്തകന് ഷഹിന്റെ മൊഴി മുഖ്യപ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസിന്റെ വലയിലാക്കി. ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടകീയമായാണ് ആസുത്രകനെന്ന് പൊലീസ് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ഷിജിത്ത് പിടിയിലായത്. ഷിജിത്ത് ആക്രമിക്കാന്‍ ഡിവൈഎഫ്ഐക്കാര്‍ വളഞ്ഞതോടെ പാടുപെട്ടാണ് പൊലീസ് ജീപ്പിലെത്തിച്ചത്. സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്കിയ മുഖ്യമന്ത്രി ദാരുണമായ കൊലപാതകത്തെ അപലപിച്ചു.