LATESTBREAKING NEWSKERALA

വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രിതം; കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്ക് പങ്കെന്ന് കോടിയേരി ബാലകൃഷ്ണന്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. പരിശീലനം ലഭിച്ച ആളുകള്‍ക്കല്ലാതെ ഇത്തരത്തില്‍ കൊല നടത്താനാകില്ല.രണ്ട് പേരും മരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്മാര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

കൊലപാതകത്തിന് പിന്നാലെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഗൂണ്ടാ ഗ്യാങുകള്‍ തമ്മിലുള്ള പ്രശ്നമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ അക്രമം മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്.
പെരിയയില്‍ നടന്ന അക്രമത്തിന് പകരം വീട്ടുമെന്നാണ് പലരും പറഞ്ഞത്. സംഭവത്തിന് ശേഷമുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇരട്ടക്കൊലപാതകത്തെ ന്യായീകരിക്കുന്നതാണ്. കൊലപാതകം നടത്തി സിപിഐഎമ്മിനെ തകര്‍ക്കാമെന്ന് കരുതരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് മാറി സിപിഐഎമ്മിലേക്ക് വന്നവരെ ലക്ഷ്യംവച്ചുള്ള അക്രമങ്ങളാണ് നടക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. അതിന് ശേഷവും കൊലപാതക ശ്രമങ്ങള്‍ നടന്നു. രാഷ്ട്രീയ കൊലപാതകികള്‍ക്ക് കേരളം മാപ്പ് നല്‍കില്ല. കൊലപാതക സംഘത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. സിപിഐഎം സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് പകരം വീട്ടുകയല്ല സിപിഐഎം ലക്ഷ്യംവയ്ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button