LATESTKERALA

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: ഐഎന്‍ടിയുസി നേതാവ് ഉണ്ണി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം എട്ടായി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവ് ഉണ്ണിയാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഉണ്ണി. മദപുരത്തെ മലയുടെ മുകളില്‍ നിന്നാണ് ഉണ്ണിയെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഷജിത്ത്, അജിത്ത്, നജീബ്, സതിമോന്‍ എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘര്‍ഷമാണ് തുടക്കം. ഇതേതുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലിന് നേരെ മെയ് മാസത്തില്‍ വധശ്രമമുണ്ടായി. സജീവ്, അജിത്ത്, ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസില്‍ അറസ്റ്റിലായതിന്റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികള്‍ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയതെന്നാണ് വിവരം.

Related Articles

Back to top button