BREAKING NEWSKERALA

മോദി സര്‍ക്കാര്‍ എന്ത് ചെയ്താലും എതിര്‍ക്കുക എന്നത് ഫാഷന്‍, അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി ആവാനും തയാര്‍: ഇ.ശ്രീധരന്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ എന്ത് ചെയ്താലും എതിര്‍ക്കുക എന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. ബി.ജെ.പിയില്‍ ചേരുന്നുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക സമരത്തിന് കാരണം കര്‍ഷകരുടെ തെറ്റിദ്ധാരണയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്ത് ഒരു തരത്തിലുമുള്ള അസഹിഷ്ണുതയും നിലനില്‍ക്കുന്നില്ലെന്നും പറഞ്ഞു. ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേര്‍ന്ന് സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അത് രാജ്യത്തോടുള്ള യുദ്ധം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാ അവകാശം രാജ്യത്തിനെതിരെ ഉപയോഗിക്കുകയാണെങ്കില്‍ അത് നിയന്ത്രിക്കേണ്ടതാണെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ച് കര്‍ഷകര്‍ ശരിക്ക് മനസിലാക്കിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ”ഒരു പക്ഷേ കര്‍ഷകര്‍ നിയമത്തെക്കുറിച്ച് ശരിക്ക് മനസിലാക്കിയിട്ടുണ്ടാകില്ല. അല്ലങ്കില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലം അവര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടാവില്ല. കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും അത് എതിര്‍ക്കുക എന്നത് ഈ രാജ്യത്ത് ഒരു ഫാഷനായിട്ടുണ്ട്”ശ്രീധരന്‍ പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകരെ പുതിയ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ടെന്നും നിയമങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്ന് മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനെ എതിര്‍ക്കുന്ന ശക്തികള്‍ കര്‍ഷകരെ സമരത്തിലേക്ക് വലിച്ചിഴച്ചതാണെന്നും ശ്രീധരന്‍ പറഞ്ഞു.
”അസഹിഷ്ണുത എന്നൊരു സംഭവം ചര്‍ച്ചകളില്‍ മാത്രമാണുള്ളത്. ഇത്ര ശക്തമായ നീതിന്യായ വ്യവസ്ഥ നിലവിലുള്ള രാജ്യത്ത് യാതൊരു തരത്തിലുള്ള അസഹിഷ്ണുതയ്ക്കും നിലനില്‍ക്കാനാവില്ല. എതിര്‍ക്കുന്നവരുടെ വാക്കുകളെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലങ്കില്‍ ഉടന്‍ പറയും അസഹിഷ്ണുതയാണെന്ന്. എന്നെ സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള അസഹിഷ്ണുതയും ഇവിടെ ഇല്ല”ശ്രീധരന്‍ വ്യക്തമാക്കി.
ഈ രാജ്യത്തെ സര്‍ക്കാരിനെക്കുറിച്ച് ഒരു വിദേശ സര്‍ക്കാരിനോട് പരാതി പറയുകയോ നമ്മുടെ സര്‍ക്കാര്‍ തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ശരിയല്ല. അത് അഭിപ്രായ സ്വാതന്ത്ര്യമല്ല. അത് സര്‍ക്കാരിനെതിരേയും സംവിധാനത്തിനെതിരയേയുമുള്ള യുദ്ധമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് വര്‍ഷങ്ങളായി അടുത്ത് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”മോദി കഠിനാധ്വാനിയും ദീര്‍ഘവീക്ഷണമുള്ളയാളുമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്തറിയാം. അദ്ദേഹം വളരെ നീതിമാനും അഴിമതിരഹിതനും പ്രതിജ്ഞാബദ്ധനുമാണ്” ശ്രീധരന്‍ പറഞ്ഞു.
ദേശസ്‌നേഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉയരുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ബി.ജെ.പിക്ക് എതിരെ ഒരു കാരണവുമില്ലാതെയുള്ള യോജിച്ചുള്ള ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാമിടയിലും സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും സര്‍ക്കാരിനൊപ്പം ചേര്‍ന്നാല്‍ അത് വളരെ വ്യത്യസ്തമായ ഫലമായിരിക്കും നല്‍കുക.ഇന്ത്യക്കും ലോകത്തിനും. ശ്രീധരന്‍ പറഞ്ഞു.നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തുള്ള ചിലര്‍ രാജ്യതാല്‍പര്യത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ ബി.ജെ.പിക്ക് അധികാരം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. നടത്തുന്ന വിജയയാത്രയില്‍ അദ്ദേഹത്തിന് ഔപചാരികമായി പാര്‍ട്ടി അംഗത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker