BREAKING NEWSKERALA

ഇ.ഡി.ക്കെതിരേ കേസ്: കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ധര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ ധൃതിപിടിച്ച് കേസെടുക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തല്‍. പരാതി കോടതിയുടെ പരിഗണനയിലാണ്. പുറത്തുവരാത്ത രേഖയായതിനാല്‍ കോടതിയലക്ഷ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നിയമോപദേശം തേടാമെങ്കിലും പൊതുരേഖയാകാത്തിടത്തോളം കേസെടുക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോടതി നടപടികള്‍ക്കു മുന്നേ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് ഇ.ഡി. തീരുമാനം.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേര് മൊഴിയായി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് നല്‍കിയ ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി.ക്കെതിരേ കേസെടുക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപിന്റെ കത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നാണ് ഉപദേശം ലഭിച്ചിരിക്കുന്നത്.
ശബ്ദരേഖയില്‍ സര്‍ക്കാര്‍ കേസെടുക്കാന്‍ സാധ്യത കുറവാണ്. സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നല്‍കിയതെന്ന് ഇ.ഡി.ക്ക് സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയില്‍നിന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ.) ഇ.ഡി. മൊഴി ശേഖരിച്ചത്. ഇത് തെളിവുമൂല്യമുള്ളതിനാല്‍ ശബ്ദരേഖ വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് സ്വപ്ന നല്‍കിയ മൊഴിയെക്കാള്‍ പ്രാധാന്യമുണ്ട്.
ജയില്‍ സൂപ്രണ്ട് മുഖാന്തരം സന്ദീപ് കോടതിക്ക് അയച്ച ഹര്‍ജിയില്‍ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിക്ക് പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കാം. അല്ലെങ്കില്‍ ഇ.ഡി. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാം. ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താറുമുണ്ട്. ഇത്തരം നടപടികളിലേക്ക് പോയാല്‍മാത്രമേ പരാതി പൊതുരേഖയാവുകയുള്ളൂ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker