BREAKING NEWSKERALA

പദ്ധതിയെ തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വാഖ്യാനം, ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ട്: ഇഡി

കൊച്ചി: ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിയെ തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വാഖ്യാനം മാത്രമാണെന്നാണ് ഇ.ഡി നിലപാട്.
നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ കത്തിന് മറുപടിയായിട്ടാകും ഇക്കാര്യം വ്യക്തമാക്കുക. ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കി. എന്നാല്‍ പദ്ധതിയിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുര്‍വാഖ്യാനം മാത്രമാണെന്നാണ് ഇഡി പറയുന്നത്.
എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ കമ്മീഷന്‍ നേടിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതായും മൊഴികളുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതി മുടങ്ങിക്കിടന്നപ്പോള്‍ ശിവശങ്കര്‍ ഇടപെട്ട് പുനരുജ്ജീവിപ്പിച്ചു എന്നും മൊഴിയുണ്ട്. സ്വാഭാവികമായും അന്വേഷണം നടത്തുകയും ഫയലുകള്‍ വിളിപ്പിക്കുകയും വേണം.
സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് നല്‍കിയിരുന്നു. റേറ്റ് ക്വാട്ടേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഇതില്‍ സ്വാഭാവിക അന്വേഷണം ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാകും കത്ത് നല്‍കുകയെന്നും ഇഡി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നിയമസഭ എത്തിക്‌സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് അയച്ചത്. അതിനുള്ള മറുപടിയായിട്ടായിരിക്കും കത്ത് നല്‍കുക. അടുത്ത ദിവസം കത്ത് നല്‍കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്.

Related Articles

Back to top button