BREAKING NEWSKERALA

പരസ്യ പ്രചാരണം ഇന്നു കൂടി; കൊട്ടിക്കലാശമില്ല, എങ്കിലും ആവേശത്തിന് കുറവില്ല

കോഴിക്കോട്: ആള്‍ക്കൂട്ടങ്ങളുടെ കൊട്ടിക്കലാശമില്ല. പക്ഷേ, വീറിനും വാശിക്കും ആവേശത്തിനും കുറവേതുമില്ല. നിയമസഭാതിരഞ്ഞെടുപ്പിനും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച വൈകീട്ടോടെ തിരശ്ശീല വീഴും. എന്നാല്‍, ചൂണ്ടുവിരലുകള്‍ വോട്ടിങ് യന്ത്രങ്ങളില്‍ പതിഞ്ഞുതീരുന്നതുവരെ നിശ്ശബ്ദപ്രചാരണം നടക്കും.
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്. ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാന്‍ പല പരിപാടികളിലായി എത്തി. അവസാനദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സി.പി.എം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.
ശബരിമലയുടെ മണ്ണില്‍ ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം എതിര്‍പാളയത്തിലെ നേതാക്കളുടെ വിമര്‍ശനത്തിന് വിഷയമായെങ്കിലും അതില്‍ കയറിപ്പിടിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമുണ്ടായില്ല. ശബരിമല ഇപ്പോഴും പാര്‍ട്ടികള്‍ക്ക് പൊള്ളുന്ന വിഷയമാണെന്നതിന്റെ സൂചനകൂടിയായി അത്. അതേസമയം, ആചാരലംഘനത്തിന് പിണറായിസര്‍ക്കാരും സി.പി.എമ്മും കൂട്ടുനിന്നുവെന്ന ആക്ഷേപമാണ് വേദികളില്‍ ബി.ജെ.പി. ഉന്നയിക്കുന്നത്.
അദാനിയുമായി പിണറായിസര്‍ക്കാര്‍ വൈദ്യുതിക്കരാറിലേര്‍പ്പെട്ടതിലെ വിശദീകരണം ആരാഞ്ഞാണ് പ്രതിപക്ഷനേതാവ് ശനിയാഴ്ച രംഗത്തിറങ്ങിയത്. അദാനി എന്തിന് കണ്ണൂരില്‍ വന്നു എന്ന ചോദ്യം കെ.പി.സി.സി. നേതാക്കളും ഉന്നയിച്ചു. എന്നാല്‍, ഇതും ചീറ്റിപ്പോയ പടക്കമായി നിസ്സാരവത്കരിക്കുകയാണ് മുഖ്യമന്ത്രി. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അണികള്‍ ആവേശത്തോടെ ചാര്‍ത്തിനല്‍കിയ ക്യാപ്റ്റന്‍ എന്ന വിശേഷണത്തോട് ചില കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രതികരിച്ചത് സാമൂഹികമാധ്യമങ്ങളില്‍ പല വ്യാഖ്യാനങ്ങള്‍ക്കും കാരണമായി. ആളുകള്‍ അവരുടെ താത്പര്യമനുസരിച്ച് അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്നായിരുന്നു പി. ജയരാജന്റെ വിശേഷണം. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്ന വിശദീകരണമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.
പ്രചാരണത്തിന്റെ അവസാനദിവസമായ ഞായറാഴ്ചയും ആരോപണപ്രത്യാരോപണങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലും ആകാംക്ഷയിലുമാണ് അണികള്‍.
മഞ്ചേശ്വരത്ത് തന്നെ പരാജയപ്പെടുത്താന്‍ ലീഗ് സ്ഥാനാര്‍ഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം.

Related Articles

Back to top button