തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം. ഒരു ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ചര്‍ച്ച നടത്തും.
കോവിഡ് കാലത്ത് വോട്ടര്‍മാരെ കാണാന്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടും. ഭവനസന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യര്‍ത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമല്ല. പ്രവര്‍ത്തകര്‍ക്കും ഇതാണ് ചട്ടം. അഭ്യര്‍ത്ഥനയും വോട്ടര്‍ സ്ലിപ്പും ഉള്‍പ്പടെ പുറത്ത് വച്ചിട്ട് പോയാല്‍ മതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്കിയ കരട് നിര്‍ദ്ദേശത്തിലാണ് ഈ നിബന്ധനകള്‍.
പൊതുപ്രചാരണപരിപാടികളാവാം, പക്ഷെ അഞ്ച് പേരില്‍ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങള്‍ നടത്താം. പഴയത് പോലെ സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ കഴിയില്ല.. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമര്‍പ്പണസമയത്ത് അണികളുടെ തള്ള് പാടില്ല. സ്ഥാനാര്‍ത്ഥിയുള്‍പ്പടെ രണ്ട് പേര് മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തിലും ചില നിര്‍ദ്ദേശങ്ങളുണ്ട്. ബൂത്തില്‍ നാല് വോട്ടര്‍മാര്‍വരെ ഒരേ സമയം കയറാമെന്നത് മൂന്നായി ചുരുക്കി. ഏജന്റുമാരായി ബൂത്തില്‍ ആകെ 10 പേര്‍മാത്രമേ പാടുള്ളൂ എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പോളിംഗ് ബൂത്തുകളില്‍ സാനിറ്റൈസര്‍ ഉള്‍പ്പടെ ഒരുക്കുന്നതിന് അഞ്ച് കോടി അധികമായി കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും. തെരഞ്ഞെടുപ്പ് കുറച്ച് ദിവസം നീട്ടി വയ്ക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കമ്മീഷന് ഈ ആഴ്ച പരിഗണിക്കും.