മൂന്നാര്‍: ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവ് നീരീക്ഷകന്റെ പെരുമാറ്റത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥരുടെ കൂട്ടപ്പരാതി. നരേഷ് കുമാര്‍ ബന്സാലിനെതിരേയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച 42 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് പരാതി അയച്ചത്. സംഭവം വിവാദമായതോടെ ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കി. ജീവനക്കാരനോട് ഷൂ പോളിഷ് ചെയ്തുനല്കാന് നിര്‍ദേശിച്ചെന്നും പരസ്യമായി ഉദ്യോഗസ്ഥരെ നിസ്സാരകാര്യങ്ങള്‍ക്ക് അസഭ്യം പറഞ്ഞെന്നുമാണ് പ്രധാനപരാതി.
മൂന്നാറിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും സുഗന്ധവ്യഞ്ജനങ്ങളും കരിക്ക് ഉള്‍പ്പെടെയുള്ള ഭക്ഷണവസ്തുക്കളും പലതവണ വാങ്ങിയശേഷം ജീവനക്കാരെക്കൊണ്ട് പണംകൊടുപ്പിച്ചു, ദേവികുളം താലൂക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ, രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെ പേന വാങ്ങാന്‍ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടു, വീഡീയോ സര്‍വൈലന്‍സ് ടീമിന് അനുവദിച്ച വാഹനം ഉപയോഗിച്ച് അനുമതിയില്ലാതെ കുടുംബസമേതം മധുരയ്ക്ക് യാത്രപോയി, പാര്‍ട്ടികളെപ്പറ്റി മോശമായി സംസാരിച്ചു, സസ്പെന്ഡുചെയ്യുമെന്ന് പതിവായി ഭീഷണിപ്പെടുത്തുന്നു, നാടിനെയും ഭാഷയേയും പതിവായി അധിക്ഷേപിക്കുന്നു തുടങ്ങിയവയാണ് ഉദ്യോഗസ്ഥരുടെ പരാതി.
ഇതിന്റെ പകര്‍പ്പ് കളക്ടര്‍, വരണാധികാരികള്‍ എന്നിവര്‍ക്കും നല്കി. ഇതോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാകളക്ടര്‍ എച്ച്. ദിനേശനോട് പരാതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തില്‍ കളക്ടര്‍ ഇരുകൂട്ടരുമായും ചര്‍ച്ചനടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.