BREAKING NEWSKERALA

വൈദ്യുതിയും ഇനി സ്വകാര്യ കമ്പനി വക, അങ്ങനെ അതും കൈവിട്ടു പോകുന്നു

കൊച്ചി: രാജ്യത്തെ വൈദ്യുതിവിതരണരംഗം പൂര്‍ണമായി സ്വകര്യമേഖലയിലേക്ക്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തുവിട്ടു. ഓരോ സംസ്ഥാനത്തെയും വൈദ്യുതിവിതരണം സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും ടെന്‍ഡറുകളുടെ മാതൃകയും തയ്യാറായി.
സംസ്ഥാനങ്ങളിലെ വൈദ്യുതിരംഗത്തെ ആകെ ആസ്തികളുടെ 83 ശതമാനവും വിതരണത്തിലായതിനാല്‍ സമ്പൂര്‍ണ സ്വകാര്യവത്കരണത്തിന്റെ ഫലമാണ് ഉണ്ടാവുക. സ്വകാര്യവത്കരണ നീക്കത്തില്‍ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നാണ് സൂചന.
ത്രിപുരയൊഴികെ എല്ലായിടത്തും സര്‍ക്കാര്‍ കമ്പനികള്‍ക്ക് കീഴിലാണ് വൈദ്യുതിവിതരണം. ത്രിപുരയില്‍ സര്‍ക്കാര്‍ വകുപ്പിലാണ്. ഡല്‍ഹിയില്‍ സ്വകാര്യ കമ്പനികളാണ് വിതരണം. വൈദ്യുതിരംഗത്ത് കേരളത്തില്‍ മാത്രം ഒറ്റ കമ്പനിയും മറ്റിടങ്ങളില്‍ വിതരണം, പ്രസരണം, ഉത്പാദനം എന്നിങ്ങനെ വെവ്വേറെ കമ്പനികളുമാണ്. നിലവില്‍ വൈദ്യുതിവിതരണ കമ്പനികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി. അഥവാ പ്രത്യേക ഉദ്ദേശ്യ കമ്പനി) ഉണ്ടാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. ഒറ്റക്കമ്പനിയായതുകൊണ്ട് കേരളത്തില്‍ എസ്.പി.വി. രൂപവത്കരിക്കേണ്ടിവരും. അതോടെ കെ.എസി.ഇ.ബി.യില്‍ ഉത്പാദനവും പ്രസരണവും മാത്രമാവും. വിതരണരംഗം പ്രത്യേക കമ്പനിയായിമാറും.
ഈ വൈദ്യുതിവിതരണ കമ്പനികള്‍ക്ക് കീഴില്‍വരുന്ന ഭൂമി ഒഴികെയുള്ള ആസ്തികളാണ് ഓഹരികളായി കൈമാറുന്നത്. ഭൂമി വാര്‍ഷിക വാടകയ്ക്ക് ഉപയോഗിക്കാന്‍ നല്‍കും. റെഗുലേറ്ററി കമ്മിഷനുകള്‍ അംഗീകരിച്ച ആസ്തിവിലയായിരിക്കും ഓഹരിവില. വൈദ്യുതി പ്രസരണ നഷ്ടം 15 ശതമാനം എന്ന നിലയ്ക്കാണ് കണക്കിലെടുക്കുക. അതില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഓഹരിവില കുറയ്ക്കും. കേരളത്തില്‍ ഔദ്യോഗികരേഖകളനുസരിച്ച് 13.03 ആണ് പ്രസരണനഷ്ടം.
സംസ്ഥാനങ്ങളുടെ പവര്‍പര്‍ച്ചേസ് കരാറുകള്‍ (പുറമേനിന്നുള്ള വൈദ്യുതി വാങ്ങല്‍) പുതിയ കമ്പനിയിലേക്ക് കൈമാറും. കരാറില്‍ ഏര്‍പ്പെടുന്ന സമയത്തേക്കാള്‍ വൈദ്യുതിക്ക് വില ഇപ്പോള്‍ കുറവാണെങ്കില്‍ മാത്രമേ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കേണ്ടതുള്ളൂ.
കേന്ദ്രം മാര്‍ഗനിര്‍ദേശമിറക്കിയെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. വിതരണരംഗം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട്, വൈദ്യുതി എന്നിവ നിഷേധിക്കാനും സാധ്യതയുണ്ട്.

Related Articles

Back to top button