BREAKING NEWSKERALALATEST

വഴി തെറ്റി ‘പന്ത് കളിക്കാന്‍’ കുട്ടികളുടെ ഇടയിലേക്ക് എത്തിയ കുട്ടിക്കൊമ്പന്‍ ഇനി മുത്തങ്ങയിലേക്ക്

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവ് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ഒരു മാസത്തില്‍ അധികമായി കഴിയുന്ന കുട്ടി കൊമ്പനെ മുത്തങ്ങയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അമ്മയില്‍ നിന്ന് കൂട്ടം തെറ്റി മാര്‍ച്ച് 13നാണ് വഴിക്കടവ് പുത്തരിപാടത്തെ വനത്തോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ കുട്ടികൊമ്പനെ കണ്ടെത്തിയത്.
വനത്തോട് ചേര്‍ന്ന മൈതാനത്ത് പന്ത് കളിക്കുന്ന കുട്ടികളുടെ ഇടയിലേക്കാണ് കുട്ടിക്കൊമ്പന്‍ ആദ്യമെത്തിയത്.
വിവരം അറിഞ്ഞെത്തിയ വനപാലകര്‍ പലതവണ കാട് കയറ്റാന്‍ ശ്രമിച്ചെങ്കിലും രണ്ട് മാസം പ്രായമുള്ള കൂട്ടികൊമ്പന്‍ നാട്ടിലേക്ക് തന്നെ തിരികെയെത്തി. ഒടുവില്‍ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന്‍ ഔട്ട് പോസ്റ്റിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.
കോഴിക്കോട് വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സത്യന്‍ നെല്ലിക്കുത്ത് ക്വാര്‍ട്ടേഴ്‌സില്‍ ക്യാമ്പ് ചെയ്താണ് കുട്ടികൊമ്പനെ പരിപാലിച്ച് വന്നിരുന്നത്. തിരുവനന്തപുരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും അത്രയും ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാല്‍ വയനാട് മുത്തങ്ങ ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
ഓരോ ദിവസവും പത്ത് ലിറ്റര്‍ ലാക്‌റ്റോജനും ഗ്ലൂക്കോസും മെഡിസിനും നല്‍കിയാണ് ഡോക്ടറും വനം വകുപ്പ് ജീവനക്കാരും താല്‍ക്കാലിക വാച്ചര്‍മാരും 33 ദിവസമായി കുട്ടിക്കൊമ്പനെ സംരക്ഷിക്കുന്നത്. നെല്ലിക്കുത്ത് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിലെ സിമന്റ് തറയിട്ട മുറിയില്‍ രാത്രിയില്‍ റബ്ബര്‍ മാറ്റ് വിരിച്ച് നല്‍കും.
ക്ഷീണിതനായിരുന്നെങ്കിലും ഓരോ ദിവസവും മികച്ച പരിപാലനം നല്‍കി ആരോഗ്യ സ്ഥിതി വീണ്ടെടുത്തു. തൊട്ടടുത്ത ദിവസം തന്നെ വയനാട് മുത്തങ്ങയില്‍ നിന്ന് പ്രത്യേക വാഹനം എത്തിച്ച് കുട്ടിക്കൊമ്പനെ കൊണ്ടു പോകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker