കല്പറ്റ: മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്നും സുരക്ഷാവീഴ്ച ഉണ്ടായെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇടപെടല്‍.
വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ തയാറാക്കിയിരുന്ന ടെന്റുകള്‍ക്കു സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു വയനാട് കലക്ടര്‍ പറഞ്ഞു.
റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണു സംഭവം. റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ്.