BREAKING NEWSKERALA

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് പൂട്ടി, മറ്റ് റിസോര്‍ട്ടുകളിലും പരിശോധന

കല്‍പറ്റ: വയനാട് മേപ്പാടിയില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കുകയായിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഉത്തരവിട്ടു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ള മറ്റ് റിസോര്‍ട്ടുകള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്നും സുരക്ഷാവീഴ്ച ഉണ്ടായെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.
വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ തയാറാക്കിയിരുന്ന ടെന്റുകള്‍ക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. റിസോര്‍ട്ടിന്റെ മൂന്നുവശവും കാടാണ്. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന.
നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതല്‍ പേര്‍ ഈ പ്രദേശത്തേക്ക് എത്തി തുടങ്ങിയത്. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. എന്നാല്‍ കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ വിഹാര പ്രദേശത്ത് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ടെന്റുകള്‍ ഒരുക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് അടിയന്തരമായി തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. യുവതി താമസിച്ച റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോര്‍ട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല. വനത്തിന് അതിര്‍ത്തിയില്‍ പത്ത് മീറ്റര്‍ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിച്ചത്. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Articles

Back to top button