ഇസ്ലാമാബാദ്: ഇടുങ്ങിയ കൂട്ടിലെ വര്‍ഷങ്ങള്‍ നീണ്ട ഏകാന്തവാസത്തിന് അവസാനമാകുന്നു, ‘കാവന്’ ഇനി പുതിയ ജീവിതത്തിലേക്ക് കടക്കും. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ പിന്തുണക്കൊടുവിലാണ് കാവന് എന്ന ആന കൂച്ചുവിലങ്ങില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് മോചിതനാകുന്നത്.പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ മൃഗശാലയില്‍ ദുരിതമനുഭവിക്കുന്ന ആനയുടെ പ്രയാസം ലോകമെങ്ങുമുള്ള മൃഗസ്നേഹികള്‍ കാമ്പയിനായി ഏറ്റെടുത്തിരുന്നു. 35 വര്‍ഷമായി ഇവിടെയാണ് കാവന് കഴിയുന്നത്. ‘ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന’ എന്നാണ് കാവന് വിശേഷിക്കപ്പെട്ടിരുന്നത്.
കാവനെ കുറിച്ചുള്ള വാര്‍ത്തകള്‍ 2016 മുതല്‍ പുറത്തുവന്നിരുന്നു. ആക്ടിവിസ്റ്റുകള്‍ നല്കിയ ഹരജിയില്‍ ആനയെ കംബോഡിയയിലേക്ക് മാറ്റാന്‍ ഇസ്ലാമാബാദ് ഹൈകോടതി കഴിഞ്ഞ മേയില്‍ ഉത്തരവിട്ടിരുന്നു. നിലവിലെ മൃഗശാലയില്‍ മതിയായ ശ്രദ്ധയോ പരിചരണമോ ആനക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.വെള്ളിയാഴ്ച കാവന്റെ ആരോഗ്യ പരിശോധന പൂര്‍ത്തിയായതായും യാത്രചെയ്യാന്‍ പ്രാപ്തനാണെന്നും മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഫോര്‍ പോസ് സംഘടനയുടെ വക്താക്കള്‍ പറഞ്ഞു. കാവന് ഉള്‍പ്പടെ മൃഗശാലയില്‍ അവശേഷിക്കുന്ന മൃഗങ്ങളെ സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറ്റാന്‍ ഈ സംഘടനക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
കാവന് പോഷകാഹാരക്കുറവ് ഉണ്ടെങ്കിലും അമിതഭാരം കാണിക്കുന്നുണ്ടെന്ന് പരിശോധനക്ക് ശേഷം ഇവര്‍ പറഞ്ഞു. കാല്‍നഖങ്ങള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അനുയോജ്യമല്ലാത്ത സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നത് ആനയുടെ കാലുകളെ മോശമായി ബാധിച്ചിട്ടുണ്ട്.
ശാരീരിക അവശതക്ക് പുറമേ ആനക്ക് സ്വഭാവസംബന്ധിയായ പ്രശ്നങ്ങളുമുണ്ടെന്ന് ഇവര്‍ പറയുന്നു. തല മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് മണിക്കൂറുകളോളം ആന നില്ക്കുമായിരുന്നു. ഇത് ഏകാന്തത മാറ്റാന്‍ വേണ്ടിയാവുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാവന് യാത്ര ചെയ്യാന്‍ യോഗ്യനാണ്. എന്നാല്‍, എപ്പോഴാവും യാത്രയെന്ന് നിശ്ചയിച്ചിട്ടില്ല.കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്കാണ് കാവനെ മാറ്റുക. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി സങ്കേതത്തില്‍ ഇതിനകം 80ലധികം ആനകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.1985ല്‍ ശ്രീലങ്ക സമ്മാനമായി നല്കിയ ‘കാവന്’ ഇസ്ലാമാബാദ് കാഴ്ചബംഗ്ലാവില്‍ കുട്ടികള്‍ അടക്കമുള്ളവരുടെ പ്രധാന ആകര്‍ഷണമായിരുന്നു. ആനയെ പീഡിപ്പിച്ചിട്ടില്ലെന്നും കൂട്ടുണ്ടായിരുന്ന പിടിയാന 2012ല്‍ ചെരിഞ്ഞതിനെ തുടര്‍ന്നാണ് ‘കാവന്’ അക്രമാസക്തനാകുന്നതെന്നുമാണ് കാഴ്ചബംഗ്ലാവ് അധികൃതര്‍ വ്യക്തമാക്കുന്നത്.