BREAKING NEWSKERALA

ഇ.ഡി.ക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം

കൊച്ചി: മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇ.ഡി.) കേസെടുക്കാമെന്ന് നിയമോപദേശം. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ ജയിലില്‍നിന്ന് ജഡ്ജിക്കയച്ച കത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനു നിയമോപദേശം നല്‍കിയത്.
ചോദ്യംചെയ്യലിനിടെ സ്വപ്നയില്‍ ഇ.ഡി. സമ്മര്‍ദംചെലുത്തിയെന്ന, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറുടെ മൊഴിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിച്ചു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു വെളിപ്പെടുത്താന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നു കാട്ടി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തുനല്‍കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത്. അഭിഭാഷകനായ എറണാകുളത്തെ ആര്‍. സുനില്‍കുമാറാണ് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയത്.
തെറ്റായ തെളിവിനുവേണ്ടി പ്രതിയെ കസ്റ്റഡിയില്‍വെച്ച് സമ്മര്‍ദത്തിലാക്കിയത് പോലീസ് സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണ്. ഇത്തരം വെളിപ്പെടുത്തലുണ്ടായാല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടത് പോലീസിന്റെ കടമയാണെന്ന് ലതാകുമാരി കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും കത്തില്‍ പറയുന്നു.

Related Articles

Back to top button