BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനമായി; മാസ്‌ക് നിർബന്ധമാക്കി

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനമായി. പൊതു സ്ഥലത്തും ജോലി സ്ഥലത്തും മാസ്‌ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് തുപ്പുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകും. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും ആൾക്കുട്ട നിയന്ത്രണമുണ്ടാകും. അനുമതി ഇല്ലാതെ സമരങ്ങളും ഘോഷയാത്രയും നടത്തിയാൽ നിയമ നടപടി നേരിടണ്ടി വരും. നിയമ ഭേദഗതിക്ക് ഒരു വർഷത്തെ പ്രാബല്യമുണ്ടാകും.

അടുത്ത ഒരു വർഷത്തേക്കുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചാണ് സർക്കാർ വിഞ്ജാപനം. ജൂലൈ 2 മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച്, പൊതു സ്ഥലങ്ങളിൽ ജോലി സ്ഥലങ്ങളിൽ വാഹനത്തിൽ തുടങ്ങി ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. ഇവിടങ്ങളിൽ 6 അടി അകലം പാലിക്കണം.

കല്യാണങ്ങളിൽ പങ്കെടുക്കാൻ ഒരു സമയത്ത് 50 പേർക്കാണ് അനുമതി. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം. പക്ഷെ മാസ്‌കും ഹാൻഡ് സാനിറ്റയ്‌സറും നിർബന്ധമായും കരുതണം. സമരങ്ങൾ, ധർണകൾ, ഘോഷയാത്ര തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി തേടണം. അനുമതി ലഭിച്ചാൽ 10പേർക്ക് പങ്കെടുക്കാം. സംഘാടകർ മാസ്‌ക്കും സാനിറ്റൈസറും ലഭ്യമാക്കണം.

നിർദേശം ലംഘിച്ചാൽ പോലീസ് നടപടി ഉണ്ടാകും. പൊതു സ്ഥലത്ത് തുപ്പുന്ന വർക്കെതിരെയും നിയമനടപടിയുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ എത്തുന്ന ആളുകൾ നിർബന്ധമായും കൊവിഡ് ജാഗ്രത പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം. ഇത്തരം ആളുകൾ സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. അന്തർ സംസ്ഥാന യാത്രകൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ചുമാത്രം. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ട ചുമതല അതത് ജില്ലാ കളക്ടർമാർക്കാണ്.

Tags

Related Articles

Back to top button
Close
Close