കൊച്ചി: ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സിറോ മലബാര്‍ സഭാ സിനഡിന്റെ സമവായ നിര്‍ദ്ദേശവും തള്ളി അല്‍മായ മുന്നേറ്റ സമിതി. ഇളവുകളോടെ ഏകീകൃത കുര്‍ബാനയെന്ന നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നും ജൂലൈ മൂന്നിന് ശേഷം സഭയില്‍ നിന്ന് വേര്‍പെട്ട് മുന്നോട്ട് പോകുമെന്നും അല്‍മായ സമിതി വ്യക്തമാക്കി. തുടര്‍ തീരുമാനങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം വ്യക്തമാക്കും.
ഏകീകൃത കുര്‍ബ്ബാനയില്‍ ഇളവുകളോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്ന് വ്യക്തമാക്കുന്ന വാര്‍ത്ത കുറിപ്പ് വെള്ളിയാഴ്ച രാത്രി സഭാ സിനഡ് പുറത്തിറക്കിയിരുന്നു. ജൂലൈ മൂന്ന് മുതല്‍ എല്ലാ കുര്‍ബ്ബാനയും ഏകീകൃത കുര്‍ബ്ബാന വേണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചു. ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇത് പാലിച്ചാല്‍ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളില്‍ ഇളവ് നല്‍കുമെന്നും സിനഡ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതും സ്വീകാര്യമല്ലെന്നാണ് അല്‍മായ സമിതിയുടെ നിലപാട്.
എകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലറില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സിനഡിന്റെ നയം മാറ്റം. ബിഷപ്പുമാര്‍ അടക്കം ഇടഞ്ഞ സംഭവത്തില്‍ തൃശ്ശൂര്‍ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സര്‍ക്കുലറിനെതിരെ രംഗത്ത് വന്നിരുന്നു. കുര്‍ബാന ഏകീകരണത്തില്‍ വൈദികര്‍ക്കിടയില്‍ സര്‍വെ വേണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ അതിരൂപതയിലെ വൈദികരുടെ കൂട്ടായ്മയായ ആരാധനക്രമ സംരക്ഷണ സമിതി കുറിപ്പിറക്കിയിരുന്നു.
1,097 1 minute read