FeaturedBREAKING NEWSNATIONAL

എന്താണ് അവശ്യസാധന ഭേദഗതി നിയമം?

പഴയ അവശ്യ സാധന വില നിയന്ത്രണ ഭേദഗതി നിയമത്തെ അടിമുടി മാറ്റുന്ന വ്യവസ്ഥകളാണ് ഈ ഭേദഗതിയിലുളളത്. മാത്രമല്ല, ഇക്കാലമത്രയും അവശ്യവസ്തുക്കളായി കരുതിയിരുന്ന ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണ് ബില്ലിന്റെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം, സംഭരണം, വിതരണം തുടങ്ങിയവയില്‍ നിലനിന്നിരുന്ന എല്ലാ നിയന്ത്രണങ്ങളും പുതിയ നിയമം പൊളിച്ചെഴുതുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ നിയമം ദരിദ്രജനതയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനങ്ങള്‍ രൂപം കൊടുത്ത കാര്‍ഷിക ഉല്പന്ന വിപണ കമ്മിറ്റികള്‍ കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുന്നില്ലെന്ന ആരോപണമുയര്‍ത്തിയാണ് പുതിയ ബില്‍ കേന്ദ്രം കൊണ്ടുവന്നത്. കോര്‍പറേറ്റുകള്‍ മതിയായ വില നില്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പക്ഷേ, കഴിഞ്ഞ രണ്ട് ദശകമായി വിവിധ നിയമനിര്‍മാണങ്ങള്‍ വഴി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വിത്തും കീടനാശിനിയും വളങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളെ കര്‍ഷകര്‍ക്ക് വിശ്വാസമില്ല.
പല നിലകളിലുള്ള പ്രാദേശിക ഏജന്റുമാര്‍ അടങ്ങുന്ന ഇന്നത്തെ സംവിധാനം നല്‍കുന്ന വിലപേശല്‍ അധികാരം പോലും പുതിയ നിയമം വഴി ലഭിക്കില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മാത്രമല്ല, നിലവിലുളള കാര്‍ഷിക ഉല്‍പ്പന്ന വിപണ കമ്മിറ്റി സംവിധാനത്തില്‍ കര്‍ഷകര്‍ ഞെരിഞ്ഞമരുകയാണെന്ന നിലപാട് മുന്നോട്ട് വയ്ക്കുന്ന ഈ നിയമത്തിന്റെ നിലപാടു തന്നെ വസ്തുതാവിരുദ്ധമാണ്. കൂടുതല്‍ വില ലഭിക്കുകയാണെങ്കില്‍ ഈ സംവിധാനത്തിനു പുറത്ത് ഇപ്പോള്‍ തന്നെ കര്‍ഷകര്‍ സ്വന്തം ഉല്പന്നങ്ങള്‍ വിറ്റഴിക്കാറുണ്ട്. 2012-13 ലെ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ റിപോര്‍ട്ട് അത്തരം സൂചനകള്‍ നല്‍കുന്നു. ജൂലൈ 2012, ജൂണ്‍ 2013 കാലത്തെ കണക്കനുസരിച്ച് 31 വിളവുകളില്‍ 29ഉം കൂടുതല്‍ വാങ്ങിയത് സ്വകാര്യ കച്ചവടക്കാരാണ്.
രണ്ട് ഉല്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കമ്മിറ്റി മുന്നിലെത്തിയത്. കാര്‍ഷിക വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്ക്കുകയാണ് ഈ ബില്ലിലൂടെ കേന്ദ്രം ചെയ്യുന്നത്. ആ സ്ഥാനത്ത് കോര്‍പറേറ്റുകളെ കൊണ്ടുവരികയും ചെയ്യുന്നു. എന്നാല്‍ കാര്‍ഷിക വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്ക്കുകയെന്ന നിലപാടിന് എതിരാണ് ഇന്ത്യന്‍ കര്‍ഷകരെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, അതുവഴി സാധ്യമാകുന്ന താങ്ങുവില സമ്പ്രദായത്തെ ഇന്ത്യന്‍ കര്‍ഷകര്‍ ഏറെ വിലമതിക്കുകയും ചെയ്യുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ഒരു സര്‍വേയല്‍ 50% ത്തിലധികം കര്‍ഷകരും താങ്ങുവില സമ്പ്രദായം തങ്ങള്‍ക്ക് ഗുണകരമാണെന്ന അഭിപ്രായമുളളവരാണ്.

Related Articles

Back to top button