കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഏറ്റുമാനൂരില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. നേരത്തെ മത്സ്യമാര്‍ക്കറ്റില്‍ 5 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിരുന്നു.
ജില്ലയില്‍ ഇന്നലെ 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 12 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും വന്നവരാണ്. കുമരകം സൗത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും മകള്‍ക്കും മാതാപിതാക്കള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.തെങ്ങണയിലെ ഒരു കുടുംബത്തിലെ രണ്ടു പേരും ചീരംചിറയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന എഴുപതുകാരനും ഭാര്യയും മൂലവട്ടത്ത് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന അറുപത്തൊന്നുകാരനും ബന്ധുവായ യുവാവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.