മുംബൈ: ആത്മഹത്യാ ശ്രമം ഫേസ്ബുക്കിലൂടെ ലൈവ് ചെയ്ത യുവാവിനെ പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തി. മുംബൈയിലെ 23കാരനെയാണ് മുംബൈ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂട രക്ഷിച്ചത്. അതിന് കാരണമായതാകട്ടെ, അയര്‍ലന്‍ഡിലുള്ള ഫേയ്സ്ബുക്ക് ജീവനക്കാരനും.
മുംബൈയിലെ ധൂലെ സ്വദേശിയായ ധ്യാനേശ്വര്‍ പാട്ടീല്‍ എന്ന യുവാവാണ്ഫേയ്സ്ബുക്ക് ലൈവില്‍ കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഞായറാഴ്ച രാത്രി 8.10ഓടെയായിരുന്നു സംഭവം.
ഫേയ്സ്ബുക്കിന്റെ അയര്‍ലന്‍ഡിലെ ഓഫീസിലുള്ള ജീവനക്കാരനാണ് ഈ ലൈവ് പോസ്റ്റ് കാണാനിടയായത്. സംഭവം മുംബൈയ്ക്ക് സമീപമുള്ള സ്ഥലത്താണെന്ന് മനസ്സിലാക്കിയ ഇദ്ദേഹം സൈബര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സൈബര്‍ വിഭാഗം യുവാവിന്റെ കൃത്യമായ സ്ഥലം മനസ്സിലാക്കുകയും നാസിക് എസ്.പിയെ വിവരമറിയിക്കുകയും ചെയ്തു. ഒമ്പത് മണിയോടെ ഒരു സംഘം പോലീസ് യുവാവിന്റെ വീട്ടിലെത്തി യുവാവിനെ ആസ്പത്രിയിലെത്തിച്ചു.
അടിയന്തര ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് യുവാവിന്റെ ജീവന് രക്ഷപ്പടുത്താന്‍ സാധിച്ചതായി പോലീസ് അറിയിച്ചു. യുവാവ് അപകടനില തരണംചെയ്തതായും അവര്‍ വ്യക്തമാക്കി.
ആത്മഹത്യാ ശ്രമം നടത്തുമ്പോള്‍ യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. തൊഴില്‍രഹിതനും കോളേജ് പഠനം പാതിവഴിയില്‍ നിര്‍ത്തിയ ആളുമായ ഇയാള്‍ മുന്‍പും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഇയാളുടെ അമ്മ പറഞ്ഞു.