വാഹനാപകടങ്ങള്‍ വ്യാജമായി സൃഷ്ടിച്ച് കാര്‍ ഡ്രൈവര്‍മാരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്നത് പതിവാക്കിയ സൈക്കിള്‍ യാത്രക്കാരന്‍ പിടിയില്‍. രണ്ട് മാസം കൊണ്ട് ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തത് 11.65 ലക്ഷം രൂപ(14,000 യുഎസ് ഡോളര്‍. ചൈനയിലെ ബീജിംഗിലാണ് സംഭവം. തിരക്കുള്ള സമയങ്ങളില്‍ ബീജിംഗിലെ തെരുവുകളില്‍ ഇയാള്‍ സൈക്കിള്‍ ചവിട്ടുകയും ബോധപൂര്‍വം കാറുകളെ സമീപിച്ച് കാറില്‍ സ്വയം ഇടിച്ച് വീഴുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. നിലത്ത് വീണു കഴിഞ്ഞാല്‍ കുറ്റം കാര്‍ ഡ്രൈവറുടെ തലയില്‍ കെട്ടിവച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കും. ബെയ്ജിംഗ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഷാങ് എന്ന തട്ടിപ്പുകാരനാണ് പോലീസിന്റെ പിടിയിലായത്.
ചൈനയില്‍ തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് ബ്ലോക്കില്‍ നിന്നും രക്ഷപ്പെടാനായി മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത റോഡുകളിലൂടെ അനധികൃതമായി വാഹനം ഓടിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വരുന്ന വാഹനങ്ങളെയാണ് ഇയാള്‍ ലക്ഷ്യം വയ്ക്കുക. അനധികൃതമായി വാഹനം ഓടിച്ചു വരുന്നത് കൊണ്ടുതന്നെ വാഹന ഉടമകള്‍ ഇയാള്‍ ആവശ്യപ്പെടുന്ന പണം നല്‍കി തടിയൂരുകയാണ് പതിവ്. പണം നല്‍കാന്‍ തയ്യാറാകാത്ത വരെ പോലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും ഇയാള്‍ പണം വാങ്ങിച്ചെടുക്കും.
ചൈനയില്‍, മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത പാതയിലൂടെ കാര്‍ ഓടിക്കുന്നത് കണ്ടെത്തിയാല്‍, ഡ്രൈവര്‍ക്ക് 200 യുവാന്‍ (US$28) പിഴയും അവരുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്ന് രണ്ട് പോയിന്റ് കുറയ്ക്കുകയും ചെയ്യും. ഓരോ തവണയും അപകടം സംഭവിക്കുമ്പോള്‍ താന്‍ 100 മുതല്‍ ആയിരം യുവാന്‍ വരെ നഷ്ടപരിഹാരമായി ആവശ്യപ്പെടാറുണ്ടെന്നാണ് ഷാങ് പറയുന്നത്. ഡ്രൈവര്‍മാര്‍ കൂടുതല്‍ പരിഭ്രാന്തനായി കാണപ്പെടുകയാണെങ്കില്‍ താന്‍ കൂടുതല്‍ പണം തട്ടിയെടുക്കുമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍, ഒരു ദിവസം തന്നെ പലതവണയായി ഒരേ ഡ്രൈവര്‍മാരെ ഇയാള്‍ ഇത്തരത്തില്‍ പറ്റിക്കാന്‍ ശ്രമിച്ചതോടെയാണ് സംഗതി പുറത്തായത്. തുടര്‍ന്ന് ഡ്രൈവര്‍മാര്‍ പോലീസില്‍ പരാതി നല്‍കുകയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഷാങ്ങിന്റെ തട്ടിപ്പ് വ്യക്തമായതും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തും.
1,099 1 minute read