KERALALATEST

മുക്കുപണ്ടം പണയം വെച്ച് ഒന്നരക്കോടി തട്ടിയ കേസിലെ കൂട്ടുപ്രതി മരിച്ച നിലയില്‍

കോഴിക്കോട്: ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് 1.6 കോടി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രധാന കൂട്ട് പ്രതിയെന്ന് കരുതുന്ന പി.എം താജ് റോഡിലെ യൂണിയന്‍ ബാങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രന്‍(70) എന്നയാളാണ് മരിച്ചത്.
പയിമ്പ്ര പുത്തുകുളത്തിലെ വീട്ടിനടുത്തുള്ള അമ്പലക്കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ഈ കേസിലെ പ്രധാന പ്രതി പുല്‍പ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്രൈസറെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം. മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
പി.എം. താജ് റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍നിന്ന് സ്വര്‍ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1,69,51,385 രൂപ തട്ടിയതാണ് കേസ്. കേസില്‍ വയനാട് സ്വദേശിനിയായ ബിന്ദുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസില്‍ ബാങ്കിലെ അപ്രൈസര്‍ ഉള്‍പ്പടെ ഒമ്പതുപേരെ പ്രതികളാക്കിയായിരുന്നു പോലീസ് അന്വേഷണം നടത്തുന്നത്.
2020 ഫെബ്രുവരിമുതല്‍ ഒമ്പത് അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജസ്വര്‍ണം ബാങ്കില്‍ പണയം വെച്ചുവെന്നാണ് കേസ്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം മനസ്സിലായത്.

Related Articles

Back to top button