ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുംബാസൂത്രണം നിര്‍ബന്ധിച്ച് നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കുടുംബക്ഷേമ പരിപാടികള്‍ സ്വമേധയാ ഉള്ളതാണ്. കുട്ടികളുടെ എണ്ണം ഉള്‍പ്പെടെ അനുയോജ്യമായ കുടുംബാസൂത്രണ രീതികള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ദമ്പതികള്ക്കാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സുപ്രീം കോടതിയില്‍ അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളെ പാടുള്ളൂ എന്ന തരത്തില്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് അശ്വിനി കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയില്‍ നിര്‍ബന്ധിത ജനസംഖ്യനിയന്ത്രണം നടപ്പാക്കുന്നത് പലതരത്തിലുള്ള സാമൂഹിക അസമ്വതങ്ങള്‍ക്ക് വഴി തുറക്കും. എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനും അതിനനുസരിച്ച് കുടുംബാസൂത്രണം നടത്താനും വ്യക്തികള്‍ക്ക് അവകാശവും അധികാരവും ഉണ്ടായിരിക്കും. ഭരണഘടന പ്രകാരം ആരോഗ്യക്ഷേമം സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനപ്പെട്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.