BREAKING NEWS

ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍, യുദ്ധക്കളമായി ഡല്‍ഹി

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി.
കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്. അക്ഷരാര്‍ഥത്തില്‍ കര്‍ഷക കോട്ടയായി മാറുകയായിരുന്നു ചെങ്കോട്ട.
പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കര്‍ഷകര്‍ ഡല്‍ഹി നഗരഹൃദയത്തിലേക്ക് 12.30 ഓടെ പ്രവേശിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ ഇരമ്പിയെത്തിയ ട്രാക്ടര്‍ റാലിയെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്‌റ്റേഷനും ഗീന്‍ ലൈനിലെ സ്‌റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു.
റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂര്‍ റാലി എന്ന് പോലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റില്‍ പറത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്.

Related Articles

Back to top button