BREAKING NEWSLATESTNATIONAL

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭം: 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 84 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് വ്യാഴാഴ്ച വരെ 22 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ജനുവരി 26ന് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ 13ലധികം കര്‍ഷക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, മേധ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പറഞ്ഞിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി ചിലയിടങ്ങളില്‍ സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതില്‍ 400ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 30 പോലീസ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Related Articles

Back to top button