BREAKING NEWS

നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; ആറാം തിയ്യതി രാജ്യ വ്യാപക പ്രതിഷേധം, റോഡ് തടയും

ന്യൂഡല്‍ഹി: ഫെബ്രുവരി ആറിന് രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയത്താണ് പ്രതിഷേധം സംഘടിപ്പിക്കുക. ഈ സമയങ്ങളില്‍ സംസ്ഥാന ദേശീയ പാതകള്‍ തടയും. വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷക സംഘടനകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി ആറിന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനം ഭാരതീയ കിസാന്‍ യൂണിയന്‍ (ആര്‍) നേതാവ് ബല്‍ബീര്‍ സിങ് രാജേവാല്‍ ആണ് അറിയിച്ചത്. കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിലുമുള്ള മറുപടിയാണിതെന്ന് കര്‍ഷകര്‍ പറഞ്ഞു.
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ബജറ്റില്‍ പരാമര്‍ശം ഇല്ല. തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.
താങ്ങുവില നല്‍കി വിളകള്‍ സംഭരിക്കുന്നതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷം 1,36,600 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ കുറച്ച് തുക മാത്രമാണ് ചെലവഴിച്ചത്. ഈ നീക്കം എഫ്‌സിഐ അടച്ചുപൂട്ടുന്നതിനാണോയെന്ന് കര്‍ഷകര്‍ സംശയിക്കുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു.

Related Articles

Back to top button