BREAKING NEWS

പ്രതിഷേധക്കാരെ തടയാന്‍ കര്‍ഷകര്‍ കയറിയ പഞ്ചാബ് മെയില്‍ ട്രെയിന്‍ വഴിതിരിച്ചു വിട്ടെന്ന് ആരോപണം

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കു മേല്‍ പിടിമുറുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു പിന്നാലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തിങ്കളാഴ്ച പഞ്ചാബില്‍ നിന്നും ഡല്‍ഹി വഴി മുബൈയിലേക്ക് പോകേണ്ടിയിരുന്ന പഞ്ചാബ് മെയില്‍ റോത്തക്കില്‍ നിന്ന് റെവാഡിയിലേക്ക് വഴിതിരിച്ച് വിട്ടത് വ്യാപക പ്രതിഷേധത്തിനു കാരണമായി.
പഞ്ചാബ് മെയില്‍ വഴിതിരിച്ചു വിട്ടതോടെ കര്‍ഷകസമരത്തില്‍ പങ്കെടുക്കാനായി ട്രെയിനില്‍ ഡല്‍ഹിയിലേക്കു തിരിച്ച ആയിരത്തോളം കര്‍ഷകര്‍ക്ക് സമരഭൂമിയില്‍ എത്താന്‍ കഴിയാതെ പോയത് വ്യാപക പ്രതിഷേധത്തിനു വഴിവച്ചു. ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ പൊലീസ് അടയ്ക്കുകയും ദേശീയ പാതകളില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് ഡല്‍ഹിയിലെ പ്രക്ഷോഭ വേദികളില്‍ എത്താന്‍ കര്‍ഷകര്‍ റെയില്‍ മാര്‍ഗം തിരഞ്ഞെടുത്തത്. എന്നാല്‍ റെയില്‍ പാളത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ട്രെയിന്‍ വഴിതിരിച്ചു വിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം പ്രക്ഷോഭത്തിനു വീര്യം കൂട്ടാന്‍ ഈ മാസം ആറിന് ഡല്‍ഹി അടക്കം രാജ്യമെങ്ങും 3 മണിക്കൂര്‍ റോഡ് ഉപരോധിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വാഹനങ്ങള്‍ നീങ്ങാത്ത വിധം ദേശീയപാതകളടക്കം തടയുമെന്നു കര്‍ഷകര്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച സംഘടനകള്‍, അതിനെതിരായി ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.
ഹരിയാനയിലെ പല്‍വലില്‍ കഴിഞ്ഞ ദിവസം പൊലീസ് ഒഴിപ്പിച്ച പ്രക്ഷോഭകേന്ദ്രം കര്‍ഷകര്‍ ഇന്നലെ തിരിച്ചുപിടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മൂവായിരത്തോളം കര്‍ഷകര്‍ അവിടെ നിലയുറപ്പിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഇരുനൂറോളം ട്രാക്ടറുകളിലായി കൂടുതല്‍ കര്‍ഷകര്‍ സിംഘു, തിക്രി എന്നിവിടങ്ങളിലേക്കെത്തി. കര്‍ഷക പ്രക്ഷോഭം കരുത്താര്‍ജിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് രാത്രി 11 വരെ നീട്ടി. വിലക്ക് നീക്കാതെ കേന്ദ്ര സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നു സംഘടനകള്‍ പ്രഖ്യാപിച്ചു.
എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെ ഉപയോഗിച്ച് കര്‍ഷകരെ വേട്ടയാടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്നും കൃഷി നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ ഉറച്ചു നില്‍ക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക രോഷം ഭയന്ന് വന്‍ പൊലീസ് സന്നാഹം രംഗത്തിറങ്ങിയതോടെ ഇന്നലെ പകല്‍ ഡല്‍ഹിയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker